ബാലാകോട്ട് വ്യോമാക്രമണം; സർവ്വകക്ഷി യോഗം അവസാനിച്ചു, സർക്കാരിന് പൂർണ്ണ പിന്തുണ!
ദില്ലി: പാകിസ്താൻ അതിർത്തി കടന്ന് ജെയ്‌ഷെ ക്യാംപുകള്‍ തകര്‍ത്ത സേനയുടെ നടപടിയെ സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും അഭിനന്ദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററികാര്യമന്ത്രി വിജയ് ഗോയല്‍ തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
ജെയ്‌ഷെ ക്യാമ്പില്‍ ഇന്ത്യ വര്‍ഷിച്ചത് 4 ബോംബുകള്‍.... ആക്രമണം സ്ഥിരീകരിച്ച് പാകിസ്താന്!!
പാകിസ്താനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ മുന്നോട്ട് വെച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യവും സർവ്വ കക്ഷി യോഗത്തിൽ ഉയർന്നിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് നേതാക്കള്‍ ഒന്നടങ്കം സൈന്യത്തെ പിന്തുണച്ചത്.

പിന്തുണയിൽ സന്തോഷമുണ്ടെന്ന് മന്ത്രി
ബലാക്കോട്ടിലെ ജെയ്‌ഷെ ക്യാമ്പുകള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ മന്ത്രി സുഷമ സ്വരാജ് വിശദീകരിച്ചു. രാഷ്‌ട്രീയത്തിന് അതീതമായി എല്ലാ രാഷ്ട്രീയ നേതാക്കളും പാകിസ്താനെതിരെയുള്ള തിരിച്ചടിയിൽ പിന്തുണ പ്രഖ്യാപിച്ചതിലും വ്യാമ സേനയെ അഭിനന്ദിച്ചതിലും സന്തോഷമുണ്ടെന്ന് സുഷമ സ്വരാജ് സർവ്വ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്ലാ നേതാക്കളും പങ്കെടുത്തു
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയാന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.

സർക്കാരിന്റെ ശരിയായ നടപടി
സേനയുടെ പരിശ്രമങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി അഭിനന്ദിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തീവ്രവാദികളെയും തീവ്രവാദ ക്യാംപുകളെയും ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമായിരുന്നു ഇന്ത്യ നടത്തിയതെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. അതേസമയം സര്‍ക്കാരിന്‍റെത് ശരിയായ നടപടിയായിരുന്നുവെന്ന് അസാദുദീന്‍ ഒവൈസി പറഞ്ഞു.

സുരക്ഷയ്ക്കായ് ഏതറ്റം വരെയും പോകാം
ഉറി ആക്രമണത്തിന് ശേഷം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇപ്പോള്‍ നടത്തിയ വ്യോമാക്രമണവും സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ളതാണ്. രണ്ട് നടപടികളും ലോകത്തിന് കൃത്യമായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയത്. ഇന്ത്യയുടെ സുരക്ഷയ്ക്കായി സൈന്യത്തിനും സര്‍ക്കാരിനും ഏതറ്റം വരേയും പോകാമെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രത നിർദേശം
അതേസമയം അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ആറ് സൈനികര്‍ക്ക് പരിക്ക്. അഖ്നൂര്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. അഖ്‌നൂര്‍, നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.