ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എടിസി സാങ്കേതിക തടസം; നൂറ് കണക്കിന് വിമാനങ്ങൾ വൈകി
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ കാരണം 100-ലധികം വിമാനങ്ങൾ വൈകി. ഇന്ന് രാവിലെയാണ് വിമാന സർവീസുകൾ താറുമാറായത്. വിമാനത്താവള അധികൃതർ പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, ഈ തകരാർ വിമാനങ്ങളുടെ വരവിനെയും പുറപ്പെടലിനെയും സാരമായി ബാധിച്ചു. പല സന്ദർഭങ്ങളിലും 30 മിനിറ്റിലധികം വരെ കാലതാമസമുണ്ടായി എന്നാണ് വിവരം.
'എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഐജിഐഇയിലെ വിമാന പ്രവർത്തനങ്ങൾ വൈകുകയാണ്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കാൻ ഞങ്ങളുടെ ടീം ഡിഐഎഎൽ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും ചേർന്ന് സജീവമായി പ്രവർത്തിക്കുന്നു' പ്രസ്‌താവനയിൽ പറയുന്നു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ ചെക്ക്-ഇൻ സംവിധാനങ്ങളെ ബാധിച്ച സമാനമായ ഒരു പ്രശ്‌നത്തിന് പിന്നാലെയാണിത്.

യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തത്സമയ വിവരങ്ങൾ അറിയണമെന്നും അധികൃതർ അറിയിച്ചു. റൺവേയിൽ ദീർഘനേരം കാത്തിരിക്കേണ്ടി വന്നതായി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ Iദേശീയ മാധ്യമങ്ങളോട്. എടിസിയുടെ പ്രശ്‌നമാണ് കാലതാമസത്തിന് കാരണമെന്ന് ജീവനക്കാർ അറിയിച്ചതായി ഒരു യാത്രക്കാരൻ വ്യക്തമാക്കി.
ബോർഡിംഗ് ഗേറ്റുകളിലും തിരക്ക് വർധിച്ചത് യാത്രക്കാരുടെ ബുദ്ധിമുട്ട് കൂട്ടി. ഇന്നലെ ചെക്ക്-ഇൻ സംവിധാനങ്ങളെ ബാധിച്ച ഒരു തകരാറിനെത്തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പല വിമാനക്കമ്പനികളുടെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. പിന്നെ ഇത് ഒരു മൂന്നാം കക്ഷിതേർഡ് പാർട്ടി കണക്റ്റിവിറ്റി പ്രശ്‌നം കാരണമാണെന്ന് വിമാനത്താവളം അറിയിച്ചിരുന്നു.
"സിസ്‌റ്റം ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ ഞങ്ങളുടെ ചില വിമാനങ്ങൾക്ക് കുറച്ചുകാലം കൂടി കാലതാമസം നേരിടാം' എയർ ഇന്ത്യ എക്‌സ് പോസ്‌റ്റിലൂടെ യാത്രക്കാരോട് അറിയിച്ചു. കാലതാമസം കുറയ്ക്കാനും പൂർണ്ണമായ പ്രവർത്തനം പുനഃസ്ഥാപിക്കാനും എല്ലാ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.
വിമാനത്താവളം ഓരോ മണിക്കൂറിലും 60ലധികം വിമാനങ്ങളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇടമാണ്. അതായത് പ്രതിദിനം ഏകദേശം 1500 വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും നടക്കുന്നു എന്നതാണ് പ്രത്യേകത. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി എയർപോർട്ടിന് അടിക്കടി ഇത്തരം സാങ്കേതിക തടസങ്ങൾ നേരിടേണ്ടി വരുന്നതിൽ യാത്രക്കാർ ആശങ്കയിലാണ്.
അതേസമയം, ഇന്നലെ വൈകുന്നേരം ആരംഭിച്ച സാങ്കേതിക തകരാർ, കൺട്രോളറുകൾക്കുള്ള ഫ്ലൈറ്റ് പ്ലാനുകൾ സൃഷ്‌ടിക്കുന്ന ഓട്ടോ ട്രാക്ക് സിസ്‌റ്റത്തിനായി (എടിഎസ്) ഡാറ്റ നൽകുന്ന പ്രധാന ആശയവിനിമയ ശൃംഖലയായ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്‌റ്റത്തെ (എഎംഎസ്എസ്) ബാധിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications