മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീടിന് നേരെയും ആക്രമണം; സംഘർഷം രൂക്ഷം
ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിനിടെ കേന്ദ്ര മന്ത്രിയുടെ വീടിന് നേരെ ആക്രമണം. മന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന്റെ ഇംഫാൽ ഈസ്റ്റിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചു. തന്റെ വീടിന് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ പ്രേരിതമാണന്ന് മന്ത്രി പ്രതികരിച്ചു.
ബിഷ്ണപൂർ ജില്ലയിൽ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പിഡബ്ല്യു മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. പ്രദേശവാസികളെ അക്രമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാന്‍ ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ വീടിന് ആക്രമണം ഉണ്ടായത്. സ്ത്രീകൾ അടക്കമുള്ളവരാണ് മന്ത്രിയുടെ വീട് അക്രമിച്ചത്.

സംഘർത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ടൊയാജാം ചന്ദ്രമാണി എന്ന യുവാവായിരുന്നു വെടിയേറ്റു മരിച്ചത്. മറ്റ് രണ്ട് പേർക്ക് വെടിവെയ്പ്പിൽ പരിക്കേറ്റിരുന്നു. അതേസമയം മണിപ്പൂരിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ബോക്‌സർ മേരി കോമിന്റെ സ്വദേശമായ ചുരാചന്ദ്പൂർ ജില്ലയിലെ കാങ്‌തേയ് ഗ്രാമം ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി വീടുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സ്പീക്കർ ടി. സത്യബ്രത സിങ്ങിന്റെ നേതൃത്വത്തിൽ ബി ജെ പി, എൻ പി എഫ്, എൻ പി പി പാർട്ടി പ്രതിനിധികളാണ് ആഭ്യന്തര മന്ത്രിയെ സന്ദർശിച്ചത്. എത്രയും പെട്ടെന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് കൂടിക്കാഴ്ചയിൽ ഉന്നയിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. ഉടൻ തന്നെ അമിത് ഷാ മണിപ്പൂർ സന്ദർശിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
അതേസമയം ഉടൻ തന്നെ മണിപ്പൂരിൽ എത്തുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങളോട് നേരിട്ട് ആവശ്യപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ഇരുകൂട്ടരുമായും ചർച്ച നടത്തും. രണ്ട് കൂട്ടർക്കും ഒരു പോലെ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് ആദ്യമാസത്തോടെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന് അയവ് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മെയ്തി, കൂകി വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications