സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ദേശീയ പ്രസ്ഥാനത്തെ ഉത്തേജിപ്പിച്ച വിശ്വകവി-രവീന്ദ്രനാഥ ടാഗോര്‍
ബംഗാളി സാഹിത്യത്തെയും സംഗീതത്തെയും പുനര്‍രൂപകല്‍പ്പന ചെയ്ത ബഹുമുഖ പണ്ഡിതനായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. സ്വാതന്ത്ര്യസമരത്തേയും ദേശീയതയേയും തന്റെ കൃതികളിലൂടെ ഉത്തേജിപ്പിച്ച ടാഗോര്‍ ഒരിക്കല്‍ പോലും അപരവിദ്വേഷത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്‌നേഹവും സാര്‍വത്രിക സാഹോദര്യത്തോടുള്ള പ്രതിബദ്ധതയും തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഉണ്ടായിരുന്നില്ല.
ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും 14 മക്കളില്‍ ഏറ്റവും ഇളയ മകനായിരുന്നു ടാഗോര്‍. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിയെ പരിപാലിച്ച് പോന്നത് വേലക്കാരായിരുന്നു. എട്ടാമത്തെ വയസ്സില്‍ ടാഗോര്‍ ആദ്യമായി കവിതയെഴുതി,16-ആം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ കവിതകള്‍ ഭാനുസിംഹ (സൂര്യസിംഹം) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

1878-ല്‍ പഠനത്തിനായി ടാഗോര്‍ അഭിഭാഷകനാകുക എന്ന മോഹത്തോടെ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടാഗോര്‍ വൈകാതെ തിരിച്ചെത്തി. കവിതയും ചെറുകഥകളും നാടകങ്ങളും എഴുതുന്നത് ടാഗോര്‍ സ്ഥിരമാക്കി. 1883-ല്‍ മൃണാളിനി ദേവിയെ ടാഗോര്‍ വിവാഹം ചെയ്തു. വിവാഹനന്തരം ടാഗോറാണ് മൃണാളിനി ദേവിയെ ബംഗാളി, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ പഠിപ്പിക്കുന്നത്.

അടിസ്ഥാനപരമായി ഒരു കവിയും എഴുത്തുകാരനുമാണെങ്കിലും, തന്റെ കാലത്തെ ചില വലിയ സംവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടില്ല. പാശ്ചാത്യസാധനങ്ങളുടേയും വിദ്യാഭ്യാസത്തിന്റെയും ബഹിഷ്‌കരണം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രാകൃത മൂല്യങ്ങള്‍, ബ്രിട്ടീഷ് ഭരണത്തിന്റെ പരിഷ്‌കരണങ്ങളുടെ വിഡ്ഢിത്തങ്ങള്‍, യുവ ഇന്ത്യന്‍ വിപ്ലവകാരികളുടെ റൊമാന്റിക് തീവ്രവാദം, പാശ്ചാത്യ ഭൗതികവാദത്തിന്റെ പൊള്ളത്തരം, ആക്രമണാത്മക ദേശീയത എന്നിവയെ എല്ലാം ടാഗോര്‍ എതിര്‍ത്തിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും ടാഗോര്‍ പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്ന് സംബോധന ചെയ്തത് ടാഗോര്‍ ആയിരുന്നു. ബ്രിട്ടീഷുകാരുടെ വിശാലമായ ലിബറല്‍ വീക്ഷണം, അവരുടെ സാംസ്‌കാരിക നേട്ടങ്ങള്‍, ശാസ്ത്രീയമായ ആഭിമുഖ്യം എന്നിങ്ങനെയുള്ള പല ഗുണങ്ങളുടെയും ആരാധകനായിരിക്കെ തന്നെ അവരുടെ കേവലമായ ക്രൂരതയിലും അതിക്രമത്തിലും അദ്ദേഹം നിരാശനായിരുന്നു.

സന്ദര്‍ഭോചിതമായ ആധുനികതകൊണ്ട് ഇന്ത്യന്‍ കലയെ പുനര്‍നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്ത മനുഷ്യനായിരുന്നു ടാഗോര്‍. 1913-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ യൂറോപ്യന്‍ ഇതര എഴുത്തുകാരനായിരുന്നു ടാഗോര്‍. കര്‍ക്കശമായ ക്ലാസിക്കല്‍ രൂപങ്ങള്‍ നിരസിച്ചുകൊണ്ടും ഭാഷാപരമായ കര്‍ശനതകളെ ചെറുത്തുകൊണ്ടും ടാഗോര്‍ ബംഗാളി കലയെ നവീകരിച്ചു.

നൊബേല്‍ സമ്മാനം നേടി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ ബഹുമതി നല്‍കി ടാഗോറിനെ ആദരിച്ചു. എന്നാല്‍ 1919-ല്‍ ജാലിയന്‍ വലാബാഗ് കൂട്ടകൊലയെ തുടര്‍ന്ന് ടാഗോര്‍ ആ അംഗീകാരം ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചു നല്‍കി. സ്വാതന്ത്ര്യ സമരത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സംഭവം വലിയ ഊര്‍ജം നല്‍കി.

പാശ്ചാത്യ വിദ്യാഭ്യാസ രീതിയോ മുറിക്കുള്ളില്‍ പഠിപ്പിക്കുന്നതോ ടാഗോറിന് ഇഷ്ടപ്പെട്ടില്ല. നൊബേല്‍ സമ്മാനത്തുക ഉപയോഗിച്ച് അദ്ദേഹം വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുകയും തന്റെ വിദ്യാര്‍ത്ഥികളെ തുറന്ന ഇടങ്ങളില്‍ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നോവലുകള്‍, കഥകള്‍, പാട്ടുകള്‍, നൃത്ത-നാടകങ്ങള്‍, ലേഖനങ്ങള്‍ എന്നിവ രാഷ്ട്രീയവും വ്യക്തിപരവുമായ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഗീതാഞ്ജലി, ഗോര, ഘരേ-ബൈര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികള്‍.

അദ്ദേഹത്തിന്റെ രചനകള്‍ രണ്ട് രാജ്യങ്ങള്‍ ദേശീയ ഗാനങ്ങളായി തിരഞ്ഞെടുത്തു:. ഇന്ത്യയുടെ ജനഗണമനയും ബംഗ്ലാദേശിന്റെ അമര്‍ ഷോണര്‍ ബംഗ്ലാവും. 1911-ലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ തുടക്ക ഗാനമായിരുന്നു 'ജന ഗണ മന', പിന്നീട് അത് രാജ്യത്തിന്റെ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.












Click it and Unblock the Notifications