ബെംഗളൂരുവിലെ യെലഹങ്കയിൽ ഒരു മാസത്തേക്ക് മത്സ്യ-മാംസ വിൽപനയ്ക്ക് വിലക്ക്; കാരണം ഇതാണ്
ബെംഗളൂരുവിലെ യെലഹങ്കയില്‍ മാംസാഹാരങ്ങൾക്ക് ഒരു മാസത്തേക്ക് വിലക്ക്. ബെംഗളൂരു മഹാനഗര പാലികയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇറച്ചിയും മീനും വില്‍ക്കുന്നതിനാണ് നിരോധനം. എയറോഷോയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെയാണ് വിലക്ക്. യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഹോട്ടലുകൾ, മാംസ-മത്സ്യവിൽപന ശാലകൾ എന്നിവ അടക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

യെഹലങ്ക വ്യോമസേനാ താവളത്തില്‍ ഫെബ്രുവരി 10 മുതല്‍ 14 വരെയാണ് എയറോഷോ നടക്കുന്നത്. അതിന് മുൻപ് പരിശീലന പറക്കൽ നടക്കും. ഇതിനിടിൽ പക്ഷികൾ വിമാനങ്ങളിൽ വന്ന് ഇടിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. മത്സ്യ-മാംസാവശിഷ്ടങ്ങൾ കഴിക്കുന്നതിനായി പരുന്ത് പോലുള്ള പക്ഷികൾ ഈ പ്രദേശങ്ങളിൽ ധാരാളമായി എത്താറുണ്ട്. നിരോധനം ഏർപ്പെടുത്തുന്നതോടെ ഇവയ്ക്ക് തടയിടുകയാണ് ലക്ഷ്യം.നിയമലംഘകര്‍ക്കെതിരെ 2020-ലെ ബി ബി എം പി നിയമപ്രകാരവും 1937-ലെ എയര്‍ക്രാഫ്റ്റ് റൂൾസിലെ ചട്ടം 91 പ്രകാരവും നടപടിയുണ്ടാകുമെന്ന് ഉത്തരവിൽ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ എയറോഷോയാണഅ നാല് ദിവസങ്ങളിലായി നടക്കുന്ന എയോ ഇന്ത്യ 2025. 800 ൽ അധികം വ്യോമപ്രദർശനങ്ങളാണ് ഈ ദിവസങ്ങളിൽ നടക്കുക. 53 വിമാനങ്ങൾ ഈ സമയത്ത് അണിനിരത്തും. 7 ലക്ഷത്തിലധികം സന്ദർശകർ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുൻനിര പ്രതിരോധ നിർമ്മാതാക്കൾ, പ്രതിരോധ നിക്ഷേപകർ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ഒഇഎം നിർമ്മാതാക്കൾ, വിദേശ നിക്ഷേപകർ, സൈനിക വിതരണക്കാർ, ഗവേഷണ-വികസന സംഘടനകൾ എന്നിവയും എയർഷോയുടെ ഭാഗമായി നടക്കുന്ന എക്സിബിഷനുകളിൽ പങ്കെടുക്കും. 2023 ഫെബ്രുവരി 13 മുതൽ 17 വരെയാണ് ഏറ്രവും അവസാനമായി എയറോഷോ നടന്നത്. അന്ന് നൂറോളം രാജ്യങ്ങളാണ് ഷോയിൽ പങ്കെടുത്തത്.
ഈ വർഷം 13,14 ദിവസങ്ങളിലായിരിക്കും വ്യോമ പ്രദർശനങ്ങൾ ഉണ്ടാകുക. ആദ്യ മൂന്ന് ദിവസങ്ങളിൽ ബിനിസുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും നടക്കുക. പരിപാടിയിൽ പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് പങ്കെടുക്കാം. പ്രദർശനം കാണുന്നതിന് ഇന്ത്യക്കാർക്ക് 1000 രൂപയാണ് ടിക്കറ്റ് ഫീസ്. വിദേശ പൗരൻമാർക്ക് 50 ഡോളറും.












Click it and Unblock the Notifications