സ്വകാര്യവത്കരണം ഉപേക്ഷിക്കണം; വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്; എടിഎമ്മുകളെയും ബാധിച്ചേക്കും
ദില്ലി: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16,17 ( ഇന്നും നാളെയും ) ആണ് ജീവനക്കാര്‍ പണിമുടക്കുന്നത്. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് പൊതുമേഖല സ്വകാര്യ മേഖല, ഗ്രാമീണ്‍ ബാങ്ക് മേഖല, വിദേശകാര്യ ബാങ്കുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞുകിടക്കും.

അഡീഷണല്‍ സിഎല്‍സി തലത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടടതോടെയാണ് ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് ( പിഎന്‍ബി) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകളില്‍ തടസം നേരിട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്കുകള്‍ അറിയിച്ചു.

വിവിധ പൊതുമേഖലാ ബാങ്കുകളിലെ ഒമ്പത് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ മുന്‍ഗണനാ മേഖലകളെയും സ്വയം സഹായ സംഘങ്ങളിലേക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്കുമുള്ള വായ്പാ പ്രവാഹത്തെയും ബാധിക്കും'', ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി സഞ്ജയ് ദാസ് പറഞ്ഞു.

അതേസമയം, രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന മന്ത്രിയുമായ ദുരൈ മുരുകന് പണിമുടക്ക് ആശംസകള്‍ നേരുകയും പ്രതിഷേധത്തിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

2021- 22 ലെ ബജറ്റില്‍ രണ്ട് പൊതുമേഖലാ വായ്പാ ദാതാക്കളെ സ്വകാര്യവത്കരിക്കാനുള്ള ഉദ്ദേശ്യം കേന്ദ്രം പ്രഖ്യാപിച്ചതുമുതല്‍ യൂണിയനുകള്‍ പ്രതിഷേധത്തിലാണ്. 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രഖ്യാപിച്ചത്. രാജ്യവ്യാപക പണിമുടക്ക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇതിനകം തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍, 2021 അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ ബില്‍ പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന് വേണ്ടിയാണ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒന്നിന് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ജീവനക്കാരും ട്രേഡ് യൂണിയനുകളും 'ബാങ്ക് ബച്ചാവോ, ദേശ് ബച്ചാവോ' എന്ന പ്രതിഷേധ കാമ്പയിന് ആരംഭിച്ചിരുന്നു.

ഇതിനിടെ, രണ്ട് ദിവസത്തെ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനം പുനഃപരിശോധിക്കാനും എസ്ബിഐ ജീവനക്കാരോട് ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള പകര്‍ച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത്, സമരത്തിലേക്ക് നീങ്ങുന്നത് ഓഹരിയുടമകള്‍ക്ക് വലിയ അസൗകര്യമുണ്ടാക്കുമെന്ന് എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കി. നേരത്തെ കാനറ ബാങ്ക്, പിഎന്‍ബി, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകള്‍ പണിമുടക്ക് തീരുമാനം പുനഃപരിശോധിക്കണമെന്ന് ജീവനക്കാരുടെ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു.

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍ സി ബി ഇ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് (ഐ എന്‍ ബി ഇ എ ഫ് ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബി ഇ എഫ് ഐ), നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സ് (എന്‍ ഒ ബി ഡബ്ല്യു ) എന്നിവയും ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനും (എ ഐ ബി ഒ സി) നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് ഓഫീസര്‍മാരും (എന്‍ ഒ ബി ഒ) എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
നടി മീര മിഥുന് വീണ്ടും വിവാദത്തില്‍: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടം