മൺസൂണിന് മുൻപ് ബെംഗളൂരുവിലെ റോഡുകൾ അടിപൊളിയാവും; ഇറക്കുന്നത് 4800 കോടി! ഇനി ട്രാഫിക് ബ്ലോക്ക് കാണില്ല
ബെംഗളൂരു: നഗരത്തിന് എക്കാലവും പേരുദോഷം കേൾക്കേണ്ടി വന്നിട്ടുള്ളത് നീണ്ട ട്രാഫിക് ബ്ലോക്കുകളും മോശം റോഡുകളുടെ അവസ്ഥയുടെ പേരിലും ആണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. എന്നാൽ ആ സാഹചര്യമൊക്കെ മാറി റോഡുകൾ മുഖം മിനുക്കുകയാണ്. ഏറ്റവും ഒടുവിൽ അധികൃതർ പുതുതായി കോടികൾ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയിൽ റോഡുകൾ നവീകരിക്കാൻ ഒരുങ്ങുകയാണ്.
നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി 4800 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും, അടുത്ത മഴക്കാലത്തിന് മുൻപ് ഇവയിലേറെയും പൂർത്തിയാക്കി യാത്ര സുഗമമാക്കാൻ കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് അധികൃതർ, നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥാണ് നഗരവാസികളുടെ മനസ് നിറയ്ക്കുന്ന വാഗ്‌ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി പ്രധാന റോഡുകളിൽ ദീർഘകാലത്തേക്ക് നിലനിൽക്കുന്ന തരത്തിൽ പരിഹാരങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 8-10 വർഷത്തിനിടെ പ്രധാന റോഡുകളിലും ഉപറോഡുകളിലും കാര്യമായ പണമൊന്നും ചെലവഴിച്ചിട്ടില്ല. ഇപ്പോൾ ഈ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കുഴികൾ വീണ്ടും ഉണ്ടാകുന്നത് തടയുന്നതിനും വിവിധ ജോലികൾ ഏറ്റെടുത്തിട്ടുണ്ട്; അദ്ദേഹം പറയുന്നു.
പ്രധാന നഗരപദ്ധതികളിൽ 157.39 കിലോമീറ്റർ റോഡുകൾ വൈറ്റ്‌ടോപ്പിംഗ്, 392.39 കിലോമീറ്റർ റോഡുകൾ ബ്ലാക്ക്‌ടോപ്പിംഗ്, 78.98 കിലോമീറ്റർ ഉയർന്ന ഗതാഗതസാന്ദ്രതയുള്ള ഇടനാഴികളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു എന്നാണ് വിവരം. ഏകദേശം 400 കിലോമീറ്റർ റോഡുകൾ ഇപ്പോഴും 'ഡിഫക്റ്റ് ലയബിലിറ്റി പീരിയഡിന്' കീഴിലാണ്; അവയിലെ കുഴികൾ നന്നാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
4,800 കോടി രൂപയുടെ ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഫണ്ടുകൾക്കൊപ്പം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നിക്ഷേപവും 'ബ്രാൻഡ് ബെംഗളൂരു' പദ്ധതിക്ക് കീഴിലുള്ള ഗ്രാന്റുകളും ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏപ്രിൽ മുതൽ ഇതുവരെ നഗരത്തിലെ വിവിധ റോഡുകളിലായി 22,539 കുഴികൾ അടച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു അറിയിച്ചു.
ശക്തമായ മഴ പണികൾ വൈകിപ്പിച്ചു. എന്നിരുന്നാലും, ഞങ്ങളുടെ ആപ്പിൽ റിപ്പോർട്ട് ചെയ്‌ത എല്ലാ കുഴികളും അടയ്ക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന മൺസൂണിന് മുൻപ് നഗരത്തിലെ എല്ലാ റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്രയും അധികം തുക ചിലവഴിക്കുന്നതും പ്രവർത്തികൾ നടത്തുന്നതും.
വൈറ്റ് ടോപ്പിംഗ് പുരോഗമിക്കുന്നു
അതിനിടെ 2025നും 2028നും ഇടയിൽ 488 കിലോമീറ്റർ പ്രധാന റോഡുകൾ ഉൾക്കൊള്ളുന്നതിനായി രണ്ട് വർഷത്തെ കാലയളവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നഗരത്തിലുടനീളം വൈറ്റ് ടോപ്പിംഗ് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയാണ്. അടുത്ത ഘട്ട ജോലികൾ ആരംഭിക്കുന്നതിന് മുമ്പ്, സർക്കാരിന് അംഗീകാരത്തിനായി നിർദ്ദേശം സമർപ്പിക്കാൻ നഗരസഭ തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബെംഗളൂരുവിലെ ഏറ്റവും ചെലവേറിയതും എന്നാൽ ഈടുനിൽക്കുന്നതുമായ റോഡ് വികസന സംരംഭങ്ങളിലൊന്നായി വൈറ്റ്-ടോപ്പിംഗ്. 2016നും 2023നും ഇടയിൽ, 124.17 കിലോമീറ്റർ ദൈർഘ്യമുള്ള 47 റോഡുകളിൽ ബിബിഎംപി വൈറ്റ്-ടോപ്പിംഗ് പൂർത്തിയാക്കി. 2023-24 ഘട്ടത്തിൽ തുടങ്ങിയ ഘട്ടത്തിലെ 104 റോഡുകളിലായി 145.68 കിലോമീറ്ററിൽ പണി പുരോഗമിക്കുന്നു, മിക്ക പാക്കേജുകളും നിലവിൽ നടപ്പാക്കി വരികയാണ്.
മുൻ വിഹിതത്തിൽ, സർക്കാർ 800 കോടി അനുവദിച്ചിരുന്നു. എസ്ക്രോ ഫണ്ടുകൾ 900 കോടി കൂടി നൽകി, ഇതോടെ 16 പാക്കേജുകളിലായി 161.78 കിലോമീറ്റർ വൈറ്റ്-ടോപ്പിംഗിനായി മൊത്തം പദ്ധതി മൂല്യം 1,700 കോടി രൂപയായിരുന്നു. ഇതിൽ, 145.68 കിലോമീറ്റർ ഉൾക്കൊള്ളുന്ന 14 പാക്കേജുകൾ ഇതിനകം 1,487 കോടി ചെലവിൽ സജീവമായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications