റോഡുകള്‍ തടഞ്ഞു, ട്രെയിന്‍ റദ്ദാക്കി, ട്രാക്ടറുമായി തേജസ്വി; കര്‍ഷക ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു
ദില്ലി: കര്‍ഷക പരിഷ്‌കരണ ബില്ലിനെതിരെ രാജ്യത്ത് പ്രഖ്യാപിച്ച ഭാരത ബന്ദിനിടെ പ്രതിഷേധം വ്യാപിക്കുന്നു. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കര്‍ഷകര്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത് ഗതഗതം തടസപ്പെടാന്‍ കാരണമായി. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് മുന്നിലുണ്ട്. ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം കൂടുതല്‍. അയോധ്യ-ലഖ്‌നൗ റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. യുപിയില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. യുപിയിലെ ബാരബങ്കിയില്‍ ഗതാഗതം പൂര്‍ണമായും സമരക്കാര്‍ തടഞ്ഞു.
പഞ്ചാബിലെ ലുധിയാനയിലും അമൃതസറിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ബന്ദ് മിക്കയിടങ്ങളിലും പൂര്‍ണമാണ്. കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒട്ടേറെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 26 വരെ ട്രെയിനുകള്‍ റദ്ദാക്കിയെന്ന് ഫിറോസ്പൂര്‍ ഡിവിഷന്‍ അറിയിച്ചു. അമൃതസര്‍-ദില്ലി റോഡ് കര്‍ഷകര്‍ ഉപരോധിച്ചു.
ദില്ലി-യുപി അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബിഹാറിലും സമരം ശക്തമാണ്. ദര്‍ഭംഗയില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ട്രാക്ടറുകളും പോത്തുകളുമായി റോഡിലിറങ്ങി. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ട്രാക്ടറിലാണ് സമരത്തിന് എത്തിയത്. ആര്‍ജെഡിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഇവിടെ സമരത്തിന് മുന്നിലുണ്ട്. ബംഗാളിലും മഹാരാഷ്ട്രയിലും സമരം നടക്കുകയാണ്. ദക്ഷിണേന്ത്യയിലും പ്രതിഷേധം നടക്കുന്നുണ്ട്. കര്‍ണാടക-തമിഴ്‌നാട് ഹൈവേ കര്‍ണടാകത്തിലെ കര്‍ഷകര്‍ ബൊമ്മനഹള്ളിയില്‍ ഉപരോധിക്കുകയാണ്.
പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി
പാര്‍ലമെന്റിന്റെ ഇരു സഭകളും കാര്‍ഷിക പരിഷ്‌കരണ ബില്ല് പാസാക്കിയിരുന്നു. ആദ്യം ലോക്‌സഭയാണ് ബില്ല് പാസാക്കിയത്. പിന്നീട് രാജ്യസഭയും പാസാക്കി. ചര്‍ച്ചകള്‍ക്കിടെ രാജ്യസഭയില്‍ വന്‍ ബഹളമാണുണ്ടായത്. ബില്ല് കീറി കളഞ്ഞു പ്രതിപക്ഷം. ബഹളത്തിനിടെ ശബ്ദ വോട്ടോടെ ബില്ല് പാസാക്കുകയായിരുന്നു. രാജ്യസഭാ ടിവി അല്‍പ്പ നേരത്തേക്ക് സംപ്രേഷണം അവസാനിപ്പിച്ചത് ജനങ്ങളില്‍ നിന്ന് ചിലത് മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എളമരം കരീമും കെകെ രാഗേഷും ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇവര്‍ പുറത്തുപോകാന്‍ തയ്യാറായില്ല. പിന്നീട് സഭ പിരിഞ്ഞു. ഇതോടെ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധം തുടങ്ങി. സമരം കര്‍ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഭാരത് ബന്ദ്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് സൂചനകള്‍.