ലോക്‌സഭയിലെ പ്രോടെം സ്‌പീക്കറായി സ്ഥാനമേറ്റെടുത്ത് ഭർതൃഹരി മഹ്താബ്; ചുമതലകൾ ഇങ്ങനെ
ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി ബിജെപി എംപി ഭർതൃഹരി മഹ്താബ് ലോക്‌സഭാ പ്രോടെം സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും പ്രതിഷേധവും നിലനിൽക്കെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു മഹ്താബിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇന്ന് ആരംഭിക്കുന്ന ലോക്‌സഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മേൽനോട്ടം വഹിക്കുകയുമാവും അദ്ദേഹത്തിന്റെ പ്രധാന ചുമതല. രാവിലെ 11 മണിക്കാണ് പാർലമെൻ്റ് ഹൗസിൽ ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.

ഏഴ് തവണ എംപിയായ അദ്ദേഹം പിന്നീട് ജൂൺ 26ന് സ്‌പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ രാഷ്ട്രപതി നിയോഗിച്ച ചെയർപേഴ്‌സൺമാരുടെ പാനലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിമാരായി ചുമതല ഏറ്റെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ ആയിരിക്കും നടക്കുക.
പുതിയ ലോക്‌സഭാ സമ്മേളനത്തിന്റെ പ്രാരംഭ ദിവസങ്ങളിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മേൽനോട്ടം വഹിക്കുകയും സ്‌പീക്കറുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുകയും ചെയ്യുന്ന പ്രോടെം സ്‌പീക്കറുടെ പങ്ക് വളരെ വലുതാണ്. ഒഡീഷയിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് മഹ്താബ്.
പ്രോടെം സ്‌പീക്കറുടെ ചുമതലകൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 99 പ്രകാരം, സഭയിലെ ഓരോ അംഗവും തങ്ങളുടെ ഇരിപ്പിടത്തിൽ കയറുന്നതിന് മുമ്പ് സത്യപ്രതിജ്ഞ നടത്തേണ്ടതുണ്ട്. ഇത് സാധാരണയായി രാഷ്ട്രപതിയുടെയോ രാഷ്ട്രപതി നിയമിച്ച വ്യക്തിയുടെയോ മുമ്പാകെയാണ് ചെയ്യുന്നത്. ഇതിന് നേതൃത്വം നൽകുകയാണ് പ്രോടെം സ്‌പീക്കറുടെ ചുമതല.
ഏറ്റവും കൂടുതൽ കാലം പാർലമെന്റ് അംഗമായിരുന്ന അംഗത്തെയാണ് സാധാരണയായി ഈ സ്ഥാനത്തേക്ക് നിയമിക്കാറുള്ളത്. എന്നാൽ ഇത് ലിഖിതമായ ഒരു നിയമം അല്ലാത്തതിനാൽ ചില അവസരങ്ങളിൽ ഈ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെടാറുമുണ്ട്.
ആരാണ് ഭർതൃഹരി മഹ്താബ്?
ഒഡീഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്‌ണ മഹ്താബിന്റെ മകനായ ഭർതൃഹരി മഹ്താബ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിക്കൊപ്പമായിരുന്നു. പാർട്ടിക്കുള്ളിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മഹ്താബ് മാർച്ചിൽ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. പിന്നീട് ബിജെപിയിൽ ചേരുകയും ചെയ്‌തു.
കട്ടക്കിൽ നിന്ന് ഏഴ് തവണ എംപിയായി മഹ്താബ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം 57,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. ഇതിൽ ആറ് തവണയും ബിജെഡി അംഗമായാണ് അദ്ദേഹം പാർലമെന്റിൽ എത്തിയത്.












Click it and Unblock the Notifications