ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; എംഎൽഎ ബിജെപിയിലേക്ക്..കോൺഗ്രസ് നേതാക്കളും
സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസിലും സി പി എമ്മിലും അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ സി പി എമ്മിന് കനത്ത തിരിച്ചടി നൽകി എം എൽ എ പാർട്ടി വിട്ടു. എം എല്‍എ മൊബോഷര്‍ അലിയാണ് രാജിവെച്ചത്. ഉടൻ തന്നെ അലി ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിലാല്‍ മിയയും മറ്റ് ചില നേതാക്കളും ഉടൻ ബി ജെ പിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

ന്യൂനപക്ഷ മേഖലയിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാക്കൾ
2018 ൽ കൈലാസഗര്‍ മണ്ഡലത്തില്‍ നിന്നാണ് മൊബോഷര്‍ അലി വിജയിച്ചത്. . ബിലാല്‍ മിയ 1988ലും 1998ലും ബോക്‌സാനഗര്‍ മണ്ഡലത്തില്‍ നിന്നും എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ മേഖലയിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാക്കൾ കൂടിയാണ് ഇരുവരും. അതേസമയം ഇരു പാർട്ടികളിൽ നിന്നും കൂടുതൽ നേതാക്കളുമായി ബി ജെ പി ബന്ധം പുലർത്തുന്നുണ്ടെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകുമെന്ന്
പാർട്ടി വിട്ടെത്തിയ ബിൽ മിയയ്ക്കും മൊബോഷർ അലിക്കും ബി ജെ പി നിയമസഭ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകുമെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ സി പി എമ്മും കോൺഗ്രസും സീറ്റ് വിഭജനം പൂർത്തിയാക്കി കഴിഞ്ഞു. 47 മണ്ഡലങ്ങളിലാണ് സി പി എം മത്സരിക്കുന്നത്. കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും. ഇവിടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളേയും ഇരുപാർട്ടികളും പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു. മൊബഷിൽ അലിയുടെ മണ്ഡലം കോൺഗ്രസിന് സി പി എം നൽകിയിരുന്നു. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം.

സീറ്റ് വിഭജനത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി
അതേസമയം സീറ്റ് വിഭജനത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. 27 സീറ്റ് വേണമെന്നായിരുന്നു തങ്ങൾ ആദ്യം ആവശ്യം ഉന്നയിച്ചത്. പിന്നീട് 23 സീറ്റ് എന്ന നിലയിലായി ചർച്ചകൾ. എന്നാൽ തങ്ങൾക്ക് ലഭിച്ചത് 13 സീറ്റുകളാണ് കോൺഗ്രസിന്റെ ഏക സിറ്റിംഗ് എം എൽ സുദീപ് റോയ് ബർമ്മൻ പറഞ്ഞു. സി പി എം അവരുടെ താത്പര്യം ഇഷ്ടത്തിനും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ ജനങ്ങളുടെ ഇഷ്ടത്തിനും താത്പര്യത്തിനും അനുസരിച്ച് പ്രവർത്തിക്കും', റോയ് ബർമ്മൻ വ്യക്തമാക്കി.

തിപ്ര മോത്ത തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന്
സഖ്യത്തിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നത് ബി ജെ പി ഉറ്റുനോക്കുന്നത്. ഇത് മുതലെടുത്ത് കൂടുതൽ നേതാക്കളെ മറുകണ്ടം ചാടിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് ബി ജെ പി. അതിനിടെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള പ്രദ്യുത് ദേബ് ബർമ്മന്റെ തിപ്രമോത്ത തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. ഇത് ഗോത്ര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും തങ്ങൾക്ക് ഗുണമാകുമെന്നുമുള്ള കണക്ക് കൂട്ടലിലാണ് ബി ജെ പി.












Click it and Unblock the Notifications