കോണ്‍ഗ്രസിന് വന്‍തിരിച്ചടി: പാർട്ടിവിട്ട് മുന്‍മന്ത്രിയും എംഎല്‍എയും, നേതൃത്വത്തിന് വിമർശനം
ഷില്ലോങ്: മേഘാലയയിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കൊണ്ട് മുതിർന്ന നേതാവിന്റെ പാർട്ടി വിടല്‍. മുതിർന്ന നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ഡോ. അമ്പാരീൻ ലിംഗ്ദോ യാണ് പാർട്ടി വിട്ടത്. ഇവർക്കൊപ്പം ഒരു എം എല്‍ എയും രാജിവെച്ചിട്ടുണ്ട്. ഇരുവരും ഭരണകക്ഷിയായ എൻ പി പി യിൽ ചേർന്നേക്കും. ട്വിറ്ററിലൂടെയാണ് അമ്പാരീൻ ലിംഗ്ദോ രാജി പ്രഖ്യാപിച്ചത്. 'എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കോൺഗ്രസിന്റെ പാദസേവകയായിരുന്നു' രാജിക്കത്തില്‍ ലിംഗ്ദോ ചൂണ്ടിക്കാട്ടുന്നു.
"എന്നിരുന്നാലും, പാർട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങൾ അതിന്റെ ദിശാബോധം നഷ്‌ടപ്പെട്ടുവെന്ന് വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചു. പാർട്ടിയും നേതൃത്വവും ഇതിനെക്കുറിച്ച് ചിന്തിക്കേണ്ട അടിയന്തിര സാഹചര്യമാണ്. അത്തരം ആത്മപരിശോധനയ്ക്ക് നേതൃത്വം നൽകാൻ ആത്മാർത്ഥവും സത്യസന്ധവുമായ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്നു," കത്തിൽ പറയുന്നു.

കോൺഗ്രസിന് മേഘാലയയിലെ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അവരെ സേവിക്കുന്നതിനുള്ള ഏറ്റവും നല്ല വേദി ഇതാണെന്ന് ഞാൻ ഇനി വിശ്വസിക്കുന്നില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മേഘാലയയിൽ അടുത്ത വർഷം ആദ്യമാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ള മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനമാണ് ത്രിപുര. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനത്തോടെ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി പ്രചരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മേഖായിലെ പുതിയ സംഭവവികാസങ്ങൾ.
കഴിഞ്ഞ മാസം, സംസ്ഥാനത്തെ എം എല്‍ എമാരില്‍ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ (എൻ പി പി) രണ്ട് പേരും പ്രതിപക്ഷമായ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിൽ (എ ഐ ടി സി) ഒരാളും ബിജെപിയിൽ ചേരാൻ രാജിവെച്ചിരുന്നു. എൻ പി പിയുടെ ബെനഡിക്ട് മാരക് (രക്സാംഗ്രെ), ഫെയർലിൻ സാങ്മ (സെൽസെല്ല), തൃണമൂൽ കോൺഗ്രസ് നിയമസഭാംഗം ഹിമാലയ മുക്തൻ ഷാങ്പ്ലിയാങ് (മൗസിൻറാം) എന്നിവരായിരുന്നു പാർട്ടിയില്‍ നിന്നും രാജിവെച്ചവർ.
"സംസ്ഥാനത്ത് വികസനം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ ഞങ്ങൾ മൂന്നുപേരും ഉടൻ തന്നെ ബി ജെ പിയിൽ ചേരാൻ പദ്ധതിയിടുകയാണ്," തൃണമൂല്‍ വിട്ട എം എല്‍ എ ട്വീറ്റ് ചെയ്തു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു മാതൃകാപുരുഷനായി കാണുന്നതിനാലാണ് ഞങ്ങൾ ബി ജെ പിയിൽ ചേർന്നത്. പ്രധാനമന്ത്രി മോദിക്ക് കാര്യങ്ങൾ മാറ്റി മറിക്കാന്‍ കഴിയിലും. മേഘാലയയിൽ കാര്യങ്ങൾ മാറുമെന്ന് ഞങ്ങൾക്ക് തോന്നുന്നു, ഞങ്ങൾ വിശ്വസിക്കുന്നു," എം എല്‍ എകൂട്ടിച്ചേർത്തു.












Click it and Unblock the Notifications