കോണ്‍ഗ്രസിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റുമായി ഇടതുപക്ഷം.. എങ്കിലും കോട്ടകള്‍ വീണു
പാട്ന: ബിഹാറില്‍ എന്‍ഡിഎ കുതിപ്പില്‍ ഇടത് കോട്ടകളിലും വിള്ളല്‍. എന്നാല്‍ മത്സരിച്ച സീറ്റിന്റെ എണ്ണം വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് ഇടത് ബ്ലോക്ക്. സിപി(ഐഎം)എല്‍, സിപിഎം, സിപിഐ എന്നിവര്‍ ഉള്‍പ്പെട്ട ബിഹാറിലെ ഇടത് ബ്ലോക്ക് ആര്‍ജെഡി നയിക്കുന്ന മഹാഗത്ബന്ധനിലെ പ്രധാന ഗ്രൂപ്പാണ്. 33 സീറ്റിലാണ് ഇടതുപക്ഷം മത്സരിച്ചത്. സിപി(ഐഎം)എല്‍ ഇത്തവണ 20 സീറ്റിലും സിപിഐ 9 സീറ്റിലും സിപിഎം നാല് സീറ്റിലും ആണ് ഇത്തവണ ജനവിധി തേടിയത്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഭേദപ്പെട്ട ലീഡ് നേടാന്‍ ഇടത് പാര്‍ട്ടികള്‍ക്കായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറില്‍ ഈ മൂന്ന് കക്ഷികളും കൂടി 10 സീറ്റില്‍ ആണ് ലീഡ് ചെയ്തിരുന്നത്. സിപി(ഐഎം)എല്‍ ഏഴ് സീറ്റിലും സിപിഎം രണ്ട് സീറ്റിലും സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മഹാസഖ്യത്തിന്റെ സീറ്റ് നിലയില്‍ വന്ന ഇടിവ് ഇടത് ബ്ലോക്കിനേയും ബാധിച്ചു.

നിലവില്‍ സിപി(ഐഎം)എല്‍ അഞ്ച് സീറ്റിലും സിപിഎം ഒരു സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. സിപിഐ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല. 2020 ല്‍ 29 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം 16 സീറ്റില്‍ വിജയിച്ചിരുന്നു. അന്ന് 70 സീറ്റില്‍ മത്സരിച്ച് വെറും 19 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിനേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റോടെയാണ് ഇടത് ബ്ലോക്ക് ജയിച്ചത്. 2020 ല്‍ 19 സീറ്റില്‍ മത്സരിച്ച സിപി(ഐഎം)എല്ലിന് 12 സീറ്റില്‍ ജയിക്കാനായിരുന്നു.
ആറ് സീറ്റില്‍ മത്സരിച്ച സിപിഐ രണ്ട് സീറ്റിലും നാല് സീറ്റില്‍ മത്സരിച്ച സിപിഎം രണ്ട് സീറ്റിലും വിജയിച്ചു. അതിനാലാണ് ഇത്തവണ അഞ്ച് സീറ്റ് അധികം ഇടത് ബ്ലോക്കിന് ആര്‍ജെഡി നല്‍കിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കോണ്‍ഗ്രസിനേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റ് ഇത്തവണയും ആദ്യ ഫലസൂചനകളില്‍ ഇടതിന് നേടാനായിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് എന്‍ഡിഎ തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എന്‍ഡിഎയുടെ ലീഡ് നില 190-200 ല്‍ നില്‍ക്കുകയാണ്. ജെഡിയു 80 സീറ്റിലും ബിജെപി 90 സീറ്റിലും ലീഡ് ചെയ്യുന്നു. എല്‍ജെപി (രാംവിലാസ് പാസ്വാന്‍) 23 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) അഞ്ച് സീറ്റില്‍ ആര്‍എല്‍എം മൂന്ന് സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്.
അതേസമയം മഹാഗത്ബന്ധന് 37 സീറ്റില്‍ മാത്രമാണ് ലീഡ് ഉള്ളത്. ആര്‍ജെഡി 27 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. അകിനിടെ സംസ്ഥാനത്തെ മൂന്നാം ബദല്‍ എന്ന ലേബലില്‍ എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. നിലവില്‍ ഒരു സീറ്റിലും ജെഎസ്പി ലീഡ് ചെയ്യുന്നില്ല. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം നാല് സീറ്റിലും ബിഎസ്പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടിക്കും അക്കൗണ്ട് തുറക്കാനായില്ല.












Click it and Unblock the Notifications