മുസ്ലീം പ്രണയിനികള്‍ക്ക് ബന്ധുക്കളുടെ ആശീര്‍വാദത്തോടെ ശിവ ക്ഷേത്രത്തില്‍വെച്ച് നിക്കാഹ്
ബിഹാറിലെ സുപൗല്‍ ജില്ലയില്‍ ഭീംനഗര്‍ ഗ്രാമത്തിലെ പ്രണയിനികളാണ് ബന്ധുക്കളുടെ ആശീര്‍വാദത്തോടെ വിവാഹിതരായത്.
പറ്റ്‌ന: രാജ്യത്ത് പലയിടത്തും ഹിന്ദു മുസ്ലീം വൈരത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിക്കുമ്പോള്‍ പ്രണയിച്ച് ഒളിച്ചോടിയ മുസ്ലീം യുവതിക്കും യുവാവിനും ശിവ ക്ഷേത്രത്തില്‍ വെച്ച് നിക്കാഹ്. ബിഹാറിലെ സുപൗല്‍ ജില്ലയില്‍ ഭീംനഗര്‍ ഗ്രാമത്തിലെ പ്രണയിനികളാണ് ബന്ധുക്കളുടെ ആശീര്‍വാദത്തോടെ വിവാഹിതരായത്.
മുഹമ്മദ് സൊഹാന്‍(25), നുരേഷ ഖതുന്‍ (20) എന്നിവരാണ് അപൂര്‍വ ഭാഗ്യം ലഭിച്ച ദമ്പതികള്‍. ഇന്തോ നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തിലുള്ള ഇരുവരും അഞ്ചുവര്‍ഷത്തോളമായി പ്രണയത്തിലാണ്. ബന്ധുക്കളറിഞ്ഞാല്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഭയന്ന് ദസറ ആഘോഷത്തിനിടെ ഇരുവരും ദില്ലിയിലേക്ക് നാടുവിട്ടു.

കഴിഞ്ഞദിവസമാണ് ഇവര്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങിയ ഗ്രാമത്തിലെ പഞ്ചായത്തിനു മുന്നില്‍ ഇവരെ ഹാജരാക്കി. തുടര്‍ന്ന് ഗ്രമീണര്‍ ചേര്‍ന്ന് ശിവ ക്ഷേത്രത്തില്‍വെച്ച് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനത്തിലെത്തുകയായിരുന്നു. ഭീംനഗറിലെ ശിവക്ഷേത്രത്തില്‍വെച്ച് ഇവരുടെ നിക്കാഹ് മൗലാനയുടെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു.
തങ്ങളുടെ ഗ്രാമത്തിലെ ഹിന്ദു മുസ്ലീം ഐക്യം കൂടുതല്‍ ശക്തിപ്പെടുകയാണ് സംഭവത്തോടെയെന്ന് ഇരു വിഭാഗത്തിലെയും മുതിര്‍ന്നവര്‍ പറഞ്ഞു. ലോകത്തിന് മതത്തിന്റെ ഐക്യം കാട്ടിക്കൊടുക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ഗ്രാമീണര്‍ പറയുന്നു. എല്ലാവര്‍ഷവും വിവാഹ വാര്‍ഷിക ദിനം ക്ഷേത്രത്തില്‍ ആഘോഷിക്കാനാണ് ദമ്പതികളുടെ തീരുമാനം.


Click it and Unblock the Notifications