എഞ്ചിനീയര്‍മാരുടെ കൊലപാതകം; പോലീസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍
പറ്റ്‌ന: ബിഹാറിനെ ഞെട്ടിച്ച രണ്ട് എഞ്ചിനീയര്‍മാരുടെ കൊലപാതകത്തില്‍, പോലീസ് നടപടിയില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിതനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബഹേരി പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥന്‍ രമാ ശങ്കര്‍ സിങ്ങിനെയാണ് ദര്‍ബംഗ പോലീസ് സൂപ്രണ്ട് എ കെ സത്യാര്‍ഥി സസ്‌പെന്‍ഡ് ചെയ്തത്.
ശനിയാഴ്ചയാണ് രണ്ട് എഞ്ചിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് സംഘം തട്ടിക്കൊണ്ടുപോയതെന്നും കിട്ടാതായപ്പോള്‍ കൊലപ്പെടുത്തകയുമാണെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട എഞ്ചിനീയര്‍മാര്‍.

സംഭവത്തില്‍ ഒരു പ്രതിയെപോലും പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ബിഹാര്‍ പോലീസ് ചീഫ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദര്‍ബംഗ പോലീസ് സൂപ്രണ്ട്, ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഗുണ്ടാസംഘത്തലവന്‍ സന്തോഷ് ജായും ഷൂട്ടര്‍ മുകേഷ് പതക്കുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഇവരുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയ ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ബഹേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ശിവറാം ഗ്രാമത്തില്‍ വെച്ചാണ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications