രണ്ടു യുവതികളെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു; ഒരാള്‍ മരിച്ചു
ബേതിയാ: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ രണ്ടു യുവതികളെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ടു. ബേതിയാ റെയില്‍വേ സ്‌റ്റേഷനടുത്തായിരുന്നു ദാരുണ സംഭവം. ഒരു യുവതി മരിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ആരാണ് ഇവരെ തള്ളിയിട്ടതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല.
ഉത്തര്‍ പ്രദേശിലെ സംത് കബീര്‍ നഗര്‍ ജില്ലയിലെ ഖലിലാബാദ് സ്വദേശികളായ മമ്ത മിശ്ര, ശ്വേത വര്‍മ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ നര്‍കാടിയഗഞ്ചില്‍ നിന്നും ഹാജിപുരിലേക്ക് പോവുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തി. ഇതില്‍ അവസാനം വിളിച്ചവരെ കണ്ടെത്തിയാണ് യുവതികളുടെ വിശദാംശങ്ങള്‍ അറിഞ്ഞത്.

ട്രെയിനില്‍ നിന്നും തെറിച്ചുവീണ ശ്വേത വര്‍മ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചു. ഇവരുടെ സുഹൃത്ത് പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം ട്രെയിനിലുണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഏതെങ്കിലും തരത്തിലുള്ള ബലാത്സംഗ ശ്രമം ഉണ്ടോയോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, ഇവര്‍ ആത്മഹത്യ ചെയ്തതാണോയെന്നും എന്നും സംശയമുണ്ട്. രണ്ടു സ്ത്രീകളെ ബലമായി ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ഒന്നിലധികം ആളുകള്‍ വേണമെന്നതിനാല്‍ കവര്‍ച്ചാശ്രമം ആയിരിക്കില്ല അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇരുവരുടെയും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുന്നതോടെ മരണകാരണത്തില്‍ വ്യക്തത ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications