2024ല്‍ ബീഹാര്‍ പിടിക്കണം, അടിമുടി മാറ്റവുമായി രാഹുല്‍, അധ്യക്ഷനാവാന്‍ എത്തുന്നത് ഈ നേതാവ്
ദില്ലി: ബീഹാറില്‍ തലനാരിഴയ്ക്കായിരുന്നു ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് അധികാരം നഷ്ടമായത്. കോണ്‍ഗ്രസിനായിരുന്നു ഇത് ഏറ്റവും ദോഷം ചെയ്തത്. ഈ സാഹചര്യത്തില്‍ മാറ്റമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. അതിലുപരി തേജസ്വി യാദവിന്റെ സമ്മര്‍ദം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്.
200 സീറ്റില്‍ കോണ്‍ഗ്രസ് ഫോക്കസ് ചെയ്യണമെന്നാണ് ആവശ്യം.ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളാണിത്. അതിനര്‍ത്ഥം ബീഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കുന്ന സീറ്റുകള്‍ കുറയുമെന്നാണ് ആര്‍ജെഡി നല്‍കുന്ന സൂചന. ഇനി കോണ്‍ഗ്രസിന്റെ കരുത്ത് തിരിച്ചുപിടിക്കാന്‍ മാറ്റങ്ങള്‍ ആവശ്യമാണ്.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഛത്തീസ്ഗഡിലെ പ്രതിസന്ധി പരിഹരിച്ചപ്പോള്‍ ഇനി ലക്ഷ്യം ബീഹാറാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ എംഎല്‍എ ആയ രാജേഷ് റാം സംസ്ഥാന അധ്യക്ഷനാവുമെന്നാണ് സൂചന. രാഹുലിന്റെ വിശ്വസ്തനായ മദന്‍ മോഹന്‍ ജാ അധ്യക്ഷ സ്ഥാനമൊഴിയും. നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് തന്നെ മദന്‍ മോഹന്റെ നില പരുങ്ങലിലായിരുന്നു. അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. രാജേഷ് റാം വരുന്നതോടെ ബീഹാറില്‍ പാര്‍ട്ടി അടിമുടി മാറുമെന്നാണ് സൂചന.

ബീഹാറില്‍ അധ്യക്ഷന്‍ മാത്രമല്ല വരുന്നത് എട്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരും ഉണ്ടാവും. നേരത്തെ ജാര്‍ഖണ്ഡിലും ഇതേ മാറ്റങ്ങള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നിരുന്നു. രാജേഷ് താക്കൂറായിരുന്നു അധ്യക്ഷനായത്. രാമേശ്വര്‍ ഒറോണിനെ മാറ്റിയായിരുന്നു രാഹുല്‍ പുതിയ അധ്യക്ഷനെ കൊണ്ടുവന്നത്. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഇവിടെ നിയമിച്ചു. ഗീത കോഡ, ബന്ധു തിര്‍ക്കെ, ജയശങ്കര്‍ മഹതോ, ഷഹസാദ അന്‍വര്‍ എന്നിവരായിരുന്നു വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. ഇതേ മോഡലിലാണ് ബീഹാറിലെ മാറ്റങ്ങളും കൊണ്ടുവരുന്നത്.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ബീഹാറിലെ അധ്യക്ഷനെ സോണിയാ ഗാന്ദി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഔറംഗബാദ് ജില്ലയിലെ കുടുംബ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജേഷ് റാം. സംസ്ഥാന കോണ്‍ഗ്രസിന്റെ പട്ടികജാതി പട്ടികവര്‍ഗ സെല്ലിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. സോഷ്യല്‍ എഞ്ചിനീയറിംഗ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ജാതി സെന്‍സസിനായി കോണ്‍ഗ്രസും മുന്‍കൈയ്യെടുക്കുമ്പോള്‍ ഈ നീക്കം നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. പ്രവീണ്‍ സിംഗ് കുശ്വാഹ, കുമാര്‍ ആശിഷ്, മനോജ് കുമാര്‍ സിംഗ്, അമിതാ ഭൂഷണ്‍, ചന്ദന്‍ യാദവ് എന്നിവരായിരിക്കും വര്‍ക്കിംഗ് പ്രസിഡന്റായി എത്തുക. ബാക്കിയുള്ളവര്‍ സര്‍പ്രൈസ് നിയമനമായിരിക്കും.

മദന്‍ മോഹന്‍ ജായെ 2017ലാണ് കോണ്‍ഗ്രസ് നിയമിക്കുന്നത്. അശോക് ചൗധരിയെ മാറ്റിയായിരുന്നു മദന്‍ മോഹന്‍ വന്നത്. ചൗധരി പിന്നീട് ജെഡിയുവില്‍ ചേര്‍ന്നു. അതേസമയം മദന്‍ മോഹന്‍ വന്‍ പരാജയമായി എന്ന് ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടു. 19 സീറ്റിലേക്കാണ് കോണ്‍ഗ്രസ് വീണത്. മഹാസഖ്യത്തിന് അധികാരം കിട്ടാതെ പോയതിന് കാരണവും കോണ്‍ഗ്രസായിരുന്നു. ബീഹാറിന്റെ ചുമതലയുള്ള ഭക്തചരണ്‍ ദാസിന്റെ കൂടി പിന്തുണയിലാണ് രാജേഷ് രാം അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. നേരത്തെ രാഹുലിനെ കണ്ട് മുതിര്‍ന്ന നേതാക്കള്‍ ബീഹാറില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിവിധ സമുദായങ്ങള്‍ക്ക് കൃത്യമായ പങ്കുവേണമെന്ന് എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മുതിര്‍ന്ന നേതാക്കളോട് നിര്‍ദേശമൊന്നും തേടാതെയാണ് രാജേഷ് റാമിനെ രാഹുല്‍ അധ്യക്ഷനാക്കാന്‍ പോകുന്നത്. ഉത്തര ബീഹാറില്‍ രാജേഷ് റാമിനെ ആരും അറിയുക പോലുമില്ലെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. പാര്‍ട്ടിക്ക് ദോഷം ചെയ്യും ഈ നിയമനമെന്ന് എഐസിസി അംഗം കിഷോര്‍ കുമാര്‍ ജാ പറയുന്നു. സീനിയര്‍ നേതാക്കളുമായി ചോദിച്ച് അധ്യക്ഷനെ കൊണ്ടുവന്നാല്‍ യുപി തിരഞ്ഞെടുപ്പില്‍ പോലും അത് നേട്ടമുണ്ടാക്കുന്നതാകുമെന്നും കിഷോര്‍ കുമാര്‍ പറയുന്നു.

കോണ്‍ഗ്രസിനെ ഏറ്റവും അലട്ടുന്നത് തേജസ്വി യാദവാണ്. 60 ശതമാനത്തോളം സീറ്റുകള്‍ 2024ല്‍ സഖ്യകക്ഷികള്‍ക്ക് നല്‍കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം. പ്രാദേശിക പാര്‍ട്ടികള്‍ കരുത്തുള്ള ഇടങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാനായി നല്‍കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് തേജസ്വി. ആര്‍ജെഡിയാണ് ബീഹാറിലെ വലിയ പാര്‍ട്ടിയും. കോണ്‍ഗ്രസിലെ മാറ്റത്തിനായി തേജസ്വി രാഹുലില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആര്‍ജെഡി വിട്ടുകൊടുക്കുന്ന സീറ്റില്‍ വിജയിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. കൂടുതല്‍ സീറ്റുകള്‍ തോല്‍ക്കുന്നത് അധികാരത്തിലെത്താനുള്ള ആര്‍ജെഡിയുടെ ശ്രമങ്ങളെ പോലും പരാജയപ്പെടുത്തുന്നതായിട്ടാണ് തേജസ്വി കരുതുന്നത്.












Click it and Unblock the Notifications