ദുരന്തമുഖത്തെ കരുതല്‍ സ്പർശം: 4 ദിവസം പ്രായമുള്ള കുഞ്ഞിനേയുമേന്തി പൊലീസുകാരി, വൈറല്‍ ദൃശ്യങ്ങള്‍
അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് ഗുജറാത്തിന്റെ തീരദേശ മേഖലയിലൂടെ വലിയ നാശംവിതച്ചുകൊണ്ടാണ് കടന്നുപോയത്. വീശിയടിക്കുന്ന കാറ്റിന്റേയും കനത്ത മഴയുടേയും ഭയപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു. ഇതിനിടയില്‍ തന്നെയാണ് ദുരന്തമുഖത്ത് നിന്നുള്ള മറ്റൊരു ദൃശ്യം ഏവരുടേയും ഹൃദയം കവരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥ നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ആ ദൃശ്യങ്ങള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
ബർദ ദുംഗറില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വനിത ഉദ്യോഗസ്ഥ കുഞ്ഞിനെ കയ്യിലെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ മന്ത്രിയും പൊലീസ് മേധാവിയും ഉള്‍പ്പടേയുള്ളവർ പങ്കുവെച്ചു. അമ്മയും മറ്റ് കുടുംബാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്ന് പോവുമ്പോള്‍ ഇടക്ക് ശക്തമായ കാറ്റ് വീശിയടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

'ഗുജറാത്ത് പൊലീസിന് ഒപ്പമാണെങ്കില്‍ നിങ്ങള്‍ എപ്പോഴും സുരക്ഷ കരങ്ങളിലാണ്' എന്ന അടിക്കുറിപ്പോടെയാണ് സംസ്ഥാന പൊലീസ് മേധാവി ദൃശ്യം ട്വിറ്ററില്‍ പങ്കിട്ടത്. 'സേവനത്തിലൂടെ സുരക്ഷ ഉറപ്പാക്കാൻ ഭൻവാദ് ഭരണകൂടം ജാഗ്രത പുലർത്തുന്നു,' എന്നായിരുന്നു ദൃശ്യത്തിനോടൊപ്പം ഗുജറാത്ത് വനം-പരിസ്ഥിതി മന്ത്രി മുലു അയർ ബേര കുറിച്ചത്. സംസ്ഥാന അസംബ്ലിയിലെ ഭൻവാദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികൂടിയാണ് ബേര.
അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ രണ്ടുപേർ മരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകിയതോടെ 940 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. ഭാഗികമായി വൈദ്യുതി ബന്ധം നിലച്ച ഗ്രാമങ്ങളും പട്ടണങ്ങളും നിരവധിയാണ്. നിലവില്‍ കാറ്റ് തെക്കു പടിഞ്ഞാറന്‍ രാജസ്ഥാനിലേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നലെ വൈകീട്ടോടെയാണ് ബിപോർജോയി കച്ചിലെ ജഖാവു തുറമുഖത്തിന് സമീപത്തോടെ തീരത്തേക്ക് കടന്നത്. ആ സമയത്ത് 125 കീലോമീറ്ററായിരുന്നു ചുഴലിക്കാറ്റിന്റെ വേഗത. സുരക്ഷാ നടപടികളുടെ ഭാഗമായി എട്ട് ജില്ലകളില്‍ നിന്നായി ഒരുലക്ഷത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. ഇവര്‍ക്ക് ക്യാംപുകളില്‍ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. 17000 ഓളം ഗ്രാമങ്ങളെ ദുരന്തം ബാധിച്ചെന്നാണ് കണക്ക്.
തീരദേശ മേഖലയിലൂടെയുള്ള റെയില്‍, വ്യോമ ഗതാഗതം രണ്ടുദിവസത്തേക്കുകൂടി റദ്ദാക്കി. രക്ഷാപ്രവർത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘവും സേനാവിഭാഗങ്ങളും സജീവമായി രംഗത്തുണ്ട്. ജാം നഗറിലും ദ്വാരക പന്തകിലും ഭുജിലും ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുന്നു. സൗരാഷ്ട്രയിലും കച്ച് മേഖയിലും റെഡ് അലേര്‍ട്ട് ഇന്നും നിലനില്‍ക്കും. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും ഗുജറാത്തിലെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Click it and Unblock the Notifications