ബിജെപിയെ തള്ളാതെ ശിരോമണി അകാലിദള്‍; പഞ്ചാബില്‍ പുതിയ സഖ്യം അധികാരത്തിലെത്തുമോ
ഛണ്ഡീഗഡ്: ബിജെപിയുമായി സഖ്യമുണ്ടായിരുന്ന പാര്‍ട്ടിയാണ് പഞ്ചാബിലെ ശിരോമണി അകാലിദള്‍ (എസ്എഡി). കര്‍ഷക സമരം ശക്തമായ വേളയിലാണ് എസ്എഡി ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ അമരീന്ദര്‍ സിങിനൊപ്പമാണ് ബിജെപിയുടെ പുതിയ സഖ്യം. ശിരോമണി അകാലിദള്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയാണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന വേളയില്‍ എസ്എഡി വലിയ പ്രതീക്ഷയിലാണ്. എസ്എഡി-ബിഎസ്പി സഖ്യം അധികാരം പിടിക്കുമെന്ന് പാര്‍ട്ടി നേതാവ് ബിക്രം സിങ് മജീതിയ അവകാശപ്പെട്ടു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ മല്‍സരിക്കുന്നത്. അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ വികസനം ആവശ്യമാണ്. അവിടെയുള്ള പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ക്ഷേമ പദ്ധതിയുടെ ഗുണവും ലഭിക്കുന്നില്ല. വളരെ പിന്നാക്കമുള്ള ജനങ്ങളാണ് അവിടെ. സത്യം വിജയിക്കുമെന്നും ബിക്രം സിങ് മജീതിയ പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അമൃതസര്‍ ഈസ്റ്റിലും മജിത മണ്ഡലത്തിലും മജീതിയ മല്‍സരിക്കുന്നുണ്ട്. അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിനെയാണ് അദ്ദേഹം നേരിടുന്നത്.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ചായിരുന്നു മജീതിയയുടെ പ്രതികരണം. കോണ്‍ഗ്രസിന് അഞ്ചുവര്‍ഷം പഞ്ചാബ് ജനത അവസരം നല്‍കി. അവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ഇത്തവണ ഭരണമാറ്റമുണ്ടാകും. അഹങ്കാരികള്‍ പരാജയപ്പെടുമെന്നും മജീതിയ പറഞ്ഞു. ശിരോമണി അകാലിദള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന സൂചന നേരത്തെ പാര്‍ട്ടി നേതാവ് ഗുര്‍ബച്ചന്‍ സിങും നല്‍കിയിരുന്നു. പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ ഏതാനും സീറ്റുകളുടെ മാത്രം കുറവ് വന്നാല്‍ ബിജെപിയുമായി സഖ്യം ചേരുമെന്നായിരുന്നു ഗുര്‍ബച്ചന്‍ സിങിന്റെ പ്രതികരണം. ഗുര്‍ദാസ്പൂര്‍ മണ്ഡലത്തിലെ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥിയാണ് ഗുര്‍ബച്ചന്‍ സിങ്.
ശിരോമണി അകാലിദളും ബിഎസ്പിയും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യമുണ്ടാക്കിയിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും സഖ്യത്തിലെത്തുന്നത്. 117 നിമയസഭാ മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്. 20 സീറ്റിലാണ് ബിഎസ്പി സ്ഥാനാര്‍തികള്‍ മല്‍സരിക്കുന്നത്. ബാക്കി സീറ്റില്‍ ശിരോമണി അകാലിദളും മല്‍സരിക്കുന്നു. ഈ സഖ്യത്തിന് പുറമെ, കോണ്‍ഗ്രസ്, എഎപി എന്നീ പാര്‍ട്ടികളും ബിജെപി-അമരീന്ദര്‍ സഖ്യവും പഞ്ചാബില്‍ ജനവിധി തേടുന്നുണ്ട്. മാര്‍ച്ച് 10നാണ് ഫല പ്രഖ്യാപനം. കോണ്‍ഗ്രസിന് വിജയം സാധ്യമല്ലെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. തൂക്കുസഭ വരുമെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ അകാലിദള്‍ നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications