ബിജെപിയുടെ വേറിട്ട നീക്കം; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ഥികള്‍ റെഡി, അപ്രതീക്ഷിതം
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണ് അപ്രതീക്ഷിത നീക്കവുമായി കളം നിറയാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് മല്‍സരം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തിവരവെയാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒരടി മുന്നിലെത്തിയത്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഈ വര്‍ഷം അവസാനത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വോട്ടെടുപ്പ് നേരത്തെ നടത്താന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. ബിജെപിയുടെ നീക്കം മറ്റു പാര്‍ട്ടികളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

90 അംഗ നിയമസഭയാണ് ഛത്തീസ്ഗഡിലേത്. ഇവിടെ 21 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി. 230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 39 സ്ഥാനാര്‍ഥികളെയാണ് ബിജെപി മധ്യപ്രദേശില്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കാനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും വേണ്ടിയുള്ള യോഗമാണ് കഴിഞ്ഞ ദിവസം മോദിയുടെ അധ്യക്ഷതയില്‍ വിളിച്ചത്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാണ്. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നതിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
2018 വരെ ബിജെപി ഭരിച്ച സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഡും മധ്യപ്രദേശും രാജസ്ഥാനും. മൂന്നിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് ഒരേ സമയമാണ് നടക്കുക. 2018ല്‍ മൂന്നിടത്തും കോണ്‍ഗ്രസ് ഭരണം പിടിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ഉപയോഗിച്ച് അട്ടിമറി നടത്തി ബിജെപി ഭരണം തിരിച്ചുപിടിച്ചു. എന്തുവില കൊടുത്തും മൂന്നു സംസ്ഥാനങ്ങളിലും ഭരണം പിടിക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം.
അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. അതിന്റെ സെമി ഫൈനലായിട്ടാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പുകളെ കാണുന്നത്. ഇവിടെ മികച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, രാജ്യസഭയിലും വെല്ലുവിളിയാകുമെന്ന് ബിജെപി ഭയക്കുന്നു. ഇതുകൂടി മുന്‍കൂട്ടി കണ്ടാണ് നേരത്തെ ഒരുങ്ങുന്നത്.
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു ഫലം. കര്‍ണാടക വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇനിയൊരു തിരിച്ചടി ഉണ്ടാകരുത് എന്ന് ബിജെപി മനസിലാക്കുന്നു. തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അഞ്ചിടത്തും ഭരണം പിടിക്കണമെന്നാണ് ബിജെപി സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
ഛത്തീസ്ഗഡില്‍ പ്രഖ്യാപിച്ച പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റെയും മുതിര്‍ന്ന നേതാക്കളുടെയും പേരില്ല എന്നതാണ് എടുത്തുപറയേണ്ടത്. അതേസമയം, ലോക്‌സഭാ എംപി വിജയ് ബാഗേല്‍ പത്താന്‍ സീറ്റില്‍ മല്‍സരിക്കും. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. 5 വനിതകള്‍, 10 പട്ടിക വര്‍ഗക്കാര്‍, ഒരു പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തി എന്നിവര്‍ ഛത്തീസ്ഗഡിലെ പട്ടികയിലുണ്ട്. മധ്യപ്രദേശിലും ഈ മൂന്ന് വിഭാഗക്കാര്‍ക്കും ആദ്യം പട്ടികയില്‍ ഇടംലഭിച്ചു.












Click it and Unblock the Notifications