7 സീറ്റ് സവര്‍ണര്‍ക്കും 4 സീറ്റ് ഒബിസിയ്ക്കും; എംഎല്‍സി തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
പാട്‌ന: ബിഹാറില്‍ വരാനിരിക്കുന്ന എം എല്‍ സി തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി ജെ പി. 12 സീറ്റില്‍ മത്സരിക്കുന്ന ബി ജെ പി ഏഴ് സീറ്റില്‍ സവര്‍ണരേയും നാല് സീറ്റില്‍ ഒ ബി സി വൈശ്യര്‍ വിഭാഗത്തിലുള്ളവരേയുമാണ് നിര്‍ത്തിയിരിക്കുന്നത്. സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കാനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ ശ്രമിച്ചതെന്ന് നേതൃത്വം പറഞ്ഞു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അഞ്ച് രജപുത്രരും ഭൂമിഹാറുകളും ഒരു ബ്രാഹ്മണനും അഞ്ച് ഒ ബി സി വൈശ്യരും ഉള്‍പ്പെടുന്നുവെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ശനിയാഴ്ച പറഞ്ഞു. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 24 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 4 നാണ് നടക്കുന്നത്. ഏപ്രില്‍ 7 ന് ഫലം പ്രഖ്യാപിക്കും. എന്‍ ഡി എയില്‍ ബി ജെ പി 12 സീറ്റിലും ജെ ഡി യു 11 സീറ്റിലും പശുപതി കുമാര്‍ പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

ദിലീപ് കുമാര്‍ സിംഗ് (ഔറംഗബാദ്), സന്തോഷ് സിംഗ് (കൈമൂര്‍), ധര്‍മ്മേന്ദ്ര കുമാര്‍ സിംഗ് (സരണ്‍), മനോജ് കുമാര്‍ സിംഗ് (ശിവാന്‍), രാജീവ് കുമാര്‍ (ഗോപാല്‍ഗഞ്ച്), രാജേഷ് കുമാര്‍ എന്ന ബബ്ലു ഗുപ്ത (കിഴക്കന്‍ ചമ്പാരണ്‍), സുനില്‍ ചൗധരി (ദര്‍ഭംഗ), തരുണ്‍ കുമാര്‍ (സമസ്തിപൂര്‍), രജനീഷ് കുമാര്‍ (ബെഗുസാരായി-ഖഗാരിയ), നൂതന്‍ സിംഗ് (സഹര്‍സ-മധേപുര-സുപൗള്‍), ഡോ. ദിലീപ് ജയ്സ്വാള്‍ (പൂര്‍ണിയ-അരാരിയ-കിഷന്‍ഗഞ്ച്), അശോക് അഗര്‍വാള്‍ (കതിഹാര്‍) എന്നിവരാണ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍.
ഇതില്‍ ആറുപേര്‍ മുമ്പ് എം എല്‍ സിമാരായിരുന്നു. മുന്‍ എം എല്‍ സിമാരായ സച്ചിദാനന്ദ റായ്, ആദിത്യ പാണ്ഡെ, തുന്നജി പാണ്ഡെ എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കിയില്ല. രാജേഷ് കുമാര്‍ (ബബ്ലു ഗുപ്ത), രജനിഷ് സിംഗ്, അശോക് അഗര്‍വാള്‍, ദിലീപ് ജയ്സ്വാള്‍, സന്തോഷ് സിംഗ്, നൂതന്‍ സിംഗ് എന്നിവര്‍ മുന്‍കാലങ്ങളില്‍ എം എല്‍ സിമാരായിരുന്നു. അതേസമയം സച്ചിദാനന്ദ റായി സരണ്‍ ലോക്കല്‍ അതോറിറ്റി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications