ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി' എന്ന് വിളിച്ചു, സോണിയാ ഗാന്ധി മാപ്പ് പറയണം, ലോക്‌സഭയില്‍ പ്രതിഷേധം
ദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അപമാനിച്ചതിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധമുയര്‍ത്തി ഭരണപക്ഷം. ദ്രൗപതി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി 'രാഷ്ട്രപത്‌നി' എന്ന് വിളിച്ച് അപമാനിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. സോണിയാ ഗാന്ധി, നിങ്ങളാണ് ദ്രൗപതി മുര്‍മുവിനെ അപമാനിക്കാനുളള അനുമതി നല്‍കിയത്. നിങ്ങളാണ് ഏറ്റവും ഉന്നതമായ ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വനിതയെ അപമാനിക്കാനുളള അനുമതി നല്‍കിയത്, സ്മൃതി ഇറാനി പറഞ്ഞു. പ്രതിഷേധത്തിനിടെ സോണിയാ ഗാന്ധി തന്റെ ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി ഭരണപക്ഷത്തേക്ക് ചെല്ലുകയും സ്മൃതി ഇറാനിയോട് സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് പാര്‍ട്ടി ദളിത് വിരുദ്ധവും, ഗോത്ര വിരുദ്ധവും സ്ത്രീ വിരുദ്ധവും ആണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. അബദ്ധത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിശേഷിപ്പിച്ചതെന്നും ഭരണകക്ഷി ചെറിയൊരു വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണ് എന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. രാഷ്ട്രപതിയോട് നേരിട്ട് മാപ്പ് പറയാനും ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '' രാഷ്ട്രപതി പദവിയിലിരിക്കുന്നത്
ബ്രാഹ്‌മണനോ ആദിവാസിയോ ആരായാലും അവര്‍ രാജ്യത്തിന്റെ രാഷ്ട്രപതി തന്നെയാണ്. ആ പദവിയെ ആണ് തങ്ങള്‍ ബഹുമാനിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ് ചൗക്കില്‍ പ്രതിഷേധിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവേ ആണ് താന്‍ രാഷ്ട്രപത്‌നി എന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ അത് തെറ്റ് പറ്റിയതാണെന്ന് പറയുകയും സംപ്രേഷണം ചെയ്യരുതെന്ന് മാധ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു'', അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇതിനകം തന്നെ മാപ്പ് പറഞ്ഞ് കഴിഞ്ഞുവെന്ന് സോണിയാ ഗാന്ധി സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യസഭയിലും ബിജെപി ഈ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി. കോണ്‍ഗ്രസിനെതിരെ ബിജെപി എംപിമാര്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ധനമന്ത്രി നിര്‍മല സീതാരാമനാണ് പ്രതിഷേധം നയിച്ചത്. രാഷ്ട്രപതിക്ക് എതിരെയുളള അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം നാക്കുപിഴ അല്ലെന്നും മനപ്പൂര്‍വ്വം അപമാനിക്കാന്‍ വേണ്ടി പറഞ്ഞതാണ് എന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ അധ്യക്ഷ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നും നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications