ബീഹാറില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; നേതാക്കളുമായി നദ്ദയുടെ കൂടികാഴ്ച്ച
ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡുമായി ബിജെപി സീറ്റ് സംബന്ധിച്ച് വിലപേശല്‍ നടത്തുന്നുവെന്ന സൂചനക്കിടെ ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ മുതിര്‍ന്ന നേതാക്കളുമായി കൂടികാഴ്ച്ച നടത്തി. തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇതിനകം തന്നെ ബിജെപി സംസ്ഥാനത്ത് വെര്‍ച്വര്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കും മറ്റ് പ്രചരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കൂടികാഴ്ച്ച
ശനിയാഴ്ച്ചയാണ് നദ്ദ സംസ്ഥാനത്തെത്തി ബിജെപി നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് പങ്കിടല്‍ ആയിരുന്നു യോഗത്തിലെ പ്രധാന അജണ്ട. നിലവില്‍ 243 അംഗ നിയമസഭയില്‍ 120 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. അതില്‍ ജെഡിയു 69 സീറ്റും ബിജെപിക്ക് 54 സീറ്റുമാണ്.

സീറ്റ് പങ്കിടല്‍
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് നിതീഷ്കുമാറും ബിജെപി ദേശിയ അധ്യക്ഷനായിരുന്ന അമിത്ഷായും തമ്മില്‍ നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ ഇരുപാര്‍ട്ടികളും 17 സീറ്റില്‍ വീതം മത്സരിക്കുകയും 6 സീറ്റ് എല്‍ജെപിക്ക് വിട്ട് കൊടുക്കുകയുമായിരുന്നു. മോദിയുടെ ജനപ്രീതിയില്‍ കുതിച്ച ബിജെപി മുന്‍തൂക്കം ആഗ്രഹിച്ചിരുന്നുവെങ്കിലും നിതീഷ് കുമാര്‍ വഴങ്ങിയിരുന്നില്ല. ഒടുവില്‍ തുല്യസീറ്റുകളില്‍ മത്സരിക്കുകയായിരുന്നു.

തുല്യസീറ്റ് പങ്കാളിത്തം
ഇതേ സമവാക്യം പിന്തുടര്ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തുല്യസീറ്റ് പങ്കാളിത്തം ആവശ്യപ്പെടാന്‍ കഴിയുമെന്ന് നേതാക്കള്‍ പറയുന്നു. 'സഖ്യകക്ഷികളുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ബീഹാറില്‍ സംസ്ഥാനത്ത് വലിയ പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്.' ബിജെപി എംപി പ്രതികരിച്ചു.

എന്‍ഡിഎ
തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്‍ഡിഎയുടെ മുഖമാകുമെന്ന് ബിജെപി ഇതിനകം തന്നെ പ്രഖ്യാപിച്ച കാര്യമാണ്. എന്നാല്‍ ഇരുപാര്‍ട്ടികളും തുല്യപങ്കാളിത്തതോടെ മത്സരിക്കുകയും ബിജെപി ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്താല്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് വലിയ അടിത്തറ ഉണ്ടായെന്ന് വേണം കരുതാന്‍.

ബിജെപിയിലേക്ക്
ഒരേസമയം തന്നെ നിതീഷ് കുമാര്‍ സഖ്യത്തിനെ മുഖമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബിജെപി ഇതുവരെ പ്രചാരണങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പരാമര്ശിച്ചിട്ടുമില്ലയെന്നത് മറ്റ ചര്‍ച്ചകളിലേക്കും വഴിതുറക്കുന്നുണ്ട്. സ്വതന്ത്ര പ്രചാരണമാണ് ബിജെപി ഇവിടെ നടത്തുന്നത്. ഓണ്‍ലൈന്‍ ക്യാമ്പയിനുകളില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും ബിജെപിയിലേക്ക് വോട്ടര്‍മാരെ അടുപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് പയറ്റുന്നത്.

മഹാസഖ്യം
ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തലവേദനയുണ്ടാക്കുന്ന മറ്റൊരു കാര്യം പ്രതിപക്ഷത്തിന്റെ മഹാസഖ്യമാണ്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പുറമേ ഇടത് കക്ഷികളായ സിപിഐ, സിപിഎം, സിപിഐഎംഎല്‍ എന്നിവരും മഹാസഖ്യത്തിന്റെ ഭാഗമാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംഭവിക്കുകയാണെങ്കില്‍ പ്രതിപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും ബിജെപിക്കും ജെഡിയുവിനും വലിയ തിരിച്ചടിയായിരിക്കും.
ഒന്നുകിൽ സയീദ് അല്ലെങ്കിൽ അമേരിക്ക, നയതന്ത്രബന്ധം അവസാനിപ്പിക്കും, നിലപാട് കടുപ്പിച്ച് യുഎസ്
മതസൗഹാര്‍ദ്ദം ഇന്ത്യയ്ക്ക് അഭിമാനം, വിശ്വാസികള്‍ക്ക് റമദാന് ആശംസയുമായി മോദി മൻ കി ബാതിൽ