മുസ്ലീം വേഷമിട്ട് ട്രെയിനിന് കല്ലെറിഞ്ഞ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു, 4 പേർ വിദ്യാർത്ഥികൾ
മൂര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ മുസ്ലീം വേഷം ധരിച്ച് ട്രെയിന് കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് അറസ്റ്റ് ചെയ്ത 6 ബിജെപി പ്രവര്‍ത്തകരില്‍ 2 പേരെയാണ് 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നാലാമന്‍ വയറുവേദന കാരണം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറയുന്നു. 16നും 17നും ഇടയില്‍ പ്രായമുളള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണിവരെന്നും പോലീസ് വെളിപ്പെടുത്തി.
എബിവിപി നേതാവ് അഭിഷേക് സര്‍ക്കാര്‍, പ്രഭാകര്‍ സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കഴിഞ്ഞ ദിവസം തൊപ്പിയും ലുങ്കിയും ധരിച്ച് ട്രെയിനിന് നേര്‍ക്ക് കല്ലെറിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ 6 പേരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തങ്ങള്‍ ലുങ്കിയും തൊപ്പിയും ധരിച്ചത് യൂട്യൂബ് ചാനലിന് വേണ്ടി വീഡിയോ ചിത്രീകരിക്കാനാണ് എന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത്തരത്തിലൊരു യൂട്യൂബ് ചാനല്‍ പ്രതികള്‍ക്കില്ലെന്ന് പോലീസ് കണ്ടെത്തി. വീഡിയോ പകർത്തിയ ഏഴാമൻ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പോലീസ് തിരയുകയാണ്. അതേസമയം പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നാണ് ജില്ലാ പ്രസിഡണ്ടായ ഗൗരി ശങ്കര്‍ ഘോഷ് അവകാശപ്പെടുന്നത്. എന്നാല്‍ പ്രതികള്‍ ബിജെപി പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.
നിയമവിരുദ്ധമായ കൂട്ടം ചേരല്‍, ആള്‍മാറാട്ടം, മനപ്പൂര്‍വ്വമായ കുഴപ്പം സൃഷ്ടിക്കല്‍ അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വകുപ്പുകള്‍ ഗുരുതരമായത് കൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുളള കാരണമെന്നാണ് സൂചന. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു. ബംഗാളിനെ കത്തിക്കാന്‍ ബിജെപി ഏതറ്റം വരെയും തരംതാഴും എന്നതിന് തെളിവാണ് ഈ സംഭവം എന്നാണ് മമത കുറ്റപ്പെടുത്തിയത്.












Click it and Unblock the Notifications