പരീക്കറിന്റെ മണ്ഡലത്തില്‍ ബിജെപി തോറ്റു; വെന്നിക്കൊടി നാട്ടി കോണ്‍ഗ്രസ്
പനാജി: രാജ്യം മൊത്തം തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ആശ്വാസമായി ഗോവയില്‍ നിന്നുള്ള വാര്‍ത്ത. ഗോവയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബിജെപി സ്ഥാനാര്‍ഥി സിദ്ധാര്‍ഥ് കുന്‍സാലിങ്കര്‍ തോറ്റു. ഈ സീറ്റ് ബിജെപിക്ക് നഷ്ടപ്പെടുന്നത് 25 വര്‍ഷത്തിന് ശേഷമാണ്. 1994 മുതല്‍ ഈ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ മല്‍സരിച്ച് ജയിച്ചത് മനോഹര്‍ പരീക്കറാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അത്‌നാസിയോ മോന്‍സറട്ടെ 1758 വോട്ടിനാണ് ജയിച്ചത്. എഎപിയുടെ വാല്‍മീകി നായികിന് 236 വോട്ടുകളാണ് ലഭിച്ചത്.

ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ ഇടക്കാലത്ത് ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയരുന്നു. പ്രതിരോധ മന്ത്രിപദവിയിലിരിക്കെയാണ് ഗോവയില്‍ നിന്നുള്ള അഭ്യര്‍ഥന മാനിച്ച് വീണ്ടും സംസ്ഥാനത്തേക്ക് എത്തിയത്. പനാജിയില്‍ നിന്ന് മല്‍സരിച്ച് ജയിക്കുകയും ചെയ്തു.
എന്നാല്‍ ക്യാന്‍സര്‍ ബാധിതനായി ഏറെകാലം ചികില്‍സയില്‍ കഴിഞ്ഞ അദ്ദേഹം ഒടുവില്‍ വിധിക്കു കീഴടങ്ങി. പരീക്കറിന്റെ മരണ ശേഷമാണ് പനാജിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. സീറ്റ് ബിജെപിക്ക് നഷ്ടമായത് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ വര്‍ധിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുപക്ഷേ കോണ്‍ഗ്രസ് നീക്കം ശക്തമാക്കിയേക്കും.


Click it and Unblock the Notifications