അമേരിക്കക്ക് മുട്ടന്‍ പണി കൊടുക്കാന്‍ ഇന്ത്യ; ജപ്പാന്‍ വഴി നീക്കം, ഡോളറിനെ കൈവിട്ട് യെന്‍-രൂപ ഡീല്‍
ന്യൂഡല്‍ഹി: ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയാണ് ജപ്പാന്‍. ഇന്ത്യയുമായി വ്യാപാരം ശക്തിപ്പെടുത്താനും ഇന്ത്യയില്‍ നിക്ഷേപം ഇറക്കാനും ജപ്പാന് താല്‍പ്പര്യമുണ്ട്. നാളെ മുതല്‍ മൂന്ന് ദിവസം ജാപ്പനീസ് പ്രധാനമന്ത്രി സനഇ തകയ്ച്ചി ഇന്ത്യയിലുണ്ടാകും. 16ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് എത്തുകയാണ് അവര്‍. കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ശേഷം തകയ്ച്ചി ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
ഇന്ത്യയും ജപ്പാനും നിലവില്‍ വ്യാപാരം നടത്തുന്നത് ഡോളറിലാണ്. ഇനി മുതല്‍ പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്താനാണ് ആലോചന. ഇത് സംബന്ധിച്ച നിര്‍ണായക കരാര്‍ വരുംദിവസങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കും. കരാര്‍ സാധ്യമായാല്‍ ജപ്പാന്‍ ഇന്ത്യയ്ക്ക് യെന്നും ഇന്ത്യ ജപ്പാന് രൂപയും കൈമാറി വ്യാപാര ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് അര്‍ഥം.

ഡോളറില്‍ ഇടപാട് നടത്തുമ്പോള്‍ ഡോളറിന്റെ മൂല്യം ഉയരുമെന്നതാണ് അമേരിക്കക്കുള്ള നേട്ടം. എന്നാല്‍ ഇത് ഇന്ത്യയ്ക്കും ജപ്പാനും വലിയ ബാധ്യതയും സമയ നഷ്ടവും വരുത്തി വെക്കും. മൂന്നാം രാജ്യം വഴിയായിരിക്കും ഇത്തരം ഇടപാടുകള്‍. എന്നാല്‍ പ്രാദേശിക കറന്‍സികള്‍ വഴിയുള്ള ഇടപാടിന് കരാര്‍ ഒപ്പുവച്ചാല്‍ മൂന്നാം രാജ്യത്തിന്റെ ഇടനില ആവശ്യമില്ല. ജപ്പാനിലെ കമ്പനികള്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാം. ഇരുരാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ മേല്‍നോട്ടം വഹിക്കും.
നേരത്തെ സമാനമായ കരാര്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ചിരുന്നു. യുഎഇയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന വേളയില്‍ ഇന്ത്യയ്ക്ക് പ്രാദേശിക കറന്‍സി നല്‍കാന്‍ സാധിക്കുന്നുണ്ട്. ജപ്പാന്‍ നേരത്തെ ഇന്തോനേഷ്യയുമായി സമാന കരാര്‍ ഒപ്പുവച്ചിരുന്നു. മലേഷ്യയുമായി കരാര്‍ ഒപ്പുവയ്ക്കുന്ന കാര്യം ആലോചിക്കുന്നുമുണ്ട്. ഇന്തോനേഷ്യയുമായി 2019ലാണ് ജപ്പാന്‍ കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം 770 കോടി ഡോളറാണ്.
അമേരിക്കക്ക് എങ്ങനെ തിരിച്ചടിയാകും?
പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്തുന്നതിന് ഓരോ രാജ്യങ്ങളും കരാറിലെത്തുന്നത് അമേരിക്കക്ക് വലിയ തിരിച്ചടിയാണ്. അമേരിക്കന്‍ ഡോളറിന്റെ പ്രാധാന്യം കുറഞ്ഞു വരും. ഇത് ഡോളറിന്റെ ആവശ്യകത കുറയ്ക്കുകയും ഡോളര്‍ മൂല്യം കുറയാന്‍ കാരണമാകുകയും ചെയ്യും. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയുമായി പ്രാദേശിക കറന്‍സി ഇടപാട് ചര്‍ച്ചകള്‍ക്ക് ജപ്പാന്‍ തുടക്കമിട്ടയത്. ഇപ്പോള്‍ കരാറിലേക്ക് എത്തുകയാണ്.
പ്രതിരോധ സഹകരണം, സെമികണ്ടക്ടര്‍ നിര്‍മാണം, എഐ, ഓട്ടോ മൊബൈല്‍ മേഖല, ഇന്തോ പസഫിക് മേഖലയിലെ താല്‍പ്പര്യങ്ങള്‍ പങ്കുവെക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് മോദിയും തകയ്ച്ചിയും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രധാന വിഷയമാകുക. ജാപ്പനീസ് പ്രധാനമന്ത്രിക്കൊപ്പം ജപ്പാനിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളും ഇന്ത്യയിലെത്തും.
ഇന്ത്യയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സുസുകി മോട്ടോര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ എത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ മോദി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ജി7 ഉച്ചകോടിക്കിടെ ഇരുനേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തുകയുമുണ്ടായി. തൊട്ടുപിന്നാലെയാണ് ജപ്പാന്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ എത്തുന്നത്.















Click it and Unblock the Notifications