ബിജെപിക്ക് കെണിയൊരുക്കി ശിവകുമാര്‍; മുതിര്‍ന്ന മന്ത്രി കോണ്‍ഗ്രസിലേക്ക്, വെളിപ്പെടുത്തല്‍ ഇങ്ങനെ
ബെംഗളൂരു: തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നതിനിടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് വീണ്ടും കര്‍ണാടക വേദിയാകുന്നു. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയുള്ള ബിജെപിയുടെ പരീക്ഷണത്തില്‍ അതൃപ്തിയുള്ള നേതാക്കളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ഒരു മുതിര്‍ന്ന മന്ത്രി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍. അതിനിടെ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടകയില്‍ വലിയ രാഷ്ട്രീയമാറ്റം സംഭവിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ബിജെപിയിലെ ചില നേതാക്കള്‍ ജെഡിഎസുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപി നേതാവായ മുതിര്‍ന്ന മന്ത്രി കോണ്‍ഗ്രസുമായി ചേരുമെന്ന് ഡികെ ശിവകുമാര്‍ സൂചിപ്പിച്ചു. ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്ന് അദ്ദേഹം പറഞ്ഞു. ബെല്ലാരിയിലെ മുന്‍ പാര്‍ലമെന്റംഗം വിഎസ് ഉഗ്രപ്പയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഉഗ്രപ്പയുമായിട്ടാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. ഇതോടെ ആരാണ് ബിജെപി വിടുന്ന മന്ത്രി എന്ന ചര്‍ച്ചകള്‍ സജീവമായി.

മാധ്യമങ്ങള്‍ ഉഗ്രപ്പയുമായി ബന്ധപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇക്കാര്യം ശരിവച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല. ചര്‍ച്ച നടക്കുകയാണ് എന്ന് പറഞ്ഞ അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് ഉഗ്രപ്പ പറഞ്ഞു. ബിജെപിയില്‍ ഒട്ടേറെ അസംതൃപ്തരുണ്ട്. അവരില്‍ പലരും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഉഗ്രപ്പ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കര്‍ണാടകത്തില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ ബിജെപിയെ അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ക്കുകയായിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസുമായിരുന്നു.

ബിഎസ്പി അധ്യക്ഷ മായാവതിയുടെ ഇടപെടലാണ് അന്ന് ബിജെപിക്ക് തിരിച്ചടിയായത്. സോണിയ ഗാന്ധിയുമായും ദേവ ഗൗഡയുമായും ചര്‍ച്ചകള്‍ നടത്തിയത് മായാവതിയായിരുന്നു. ശേഷം ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. തന്ത്രപ്രധാന വകുപ്പുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍ അധികകാലം ഈ സര്‍ക്കാര്‍ നിലനിന്നില്ല.

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ വിമത നീക്കം നടത്തി. ഇവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ വീണു. തുടര്‍ന്നാണ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസില്‍ നിന്ന് എത്തിയവരില്‍ ചിലര്‍ക്ക് മന്ത്രിപദവി നല്‍കിയെങ്കിലും മറ്റു ചിലര്‍ക്ക് കിട്ടിയില്ല. ഇവര്‍ അസംതൃപ്തരായി തുടരുകയാണ്. ഇവരെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്.

എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ തുടങ്ങിയ സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയില്‍ അസംതൃപ്തിയോടെയാണ് തുടരുന്നത് എന്നാണ് വാര്‍ത്തകള്‍. ഇവര്‍ വൈകാതെ ബിജെപിക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനിടെയാണ് ഡികെ ശിവകുമാറും ഉഗ്രപ്പയും മുതിര്‍ന്ന ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേരുമെന്ന് വെളിപ്പെടുത്തിയത്. ഇതോടെ ആരാണ് ആ മന്ത്രി എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. അതിനിടെ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ജെഡിഎസ് എംഎല്‍എ ശ്രീനിവാസ് ഗൗഡയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും ജെഡിഎസില്‍ നിന്ന് രാജിവച്ചുവെന്നും ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കോലാറില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ശ്രീനിവാസ് ഗൗഡ. അതേസമയം, മറ്റുചില ജെഡിഎസ് നേതാക്കളും ശിവകുമാറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications