ബിജെപിയുടെ യുവ എംപിയെ ട്രംപ് നാണംകെടുത്തി ഇറക്കി വിട്ടു? ശ്രമിച്ചത് സ്വകാര്യ കൂടിക്കാഴ്ചയ്ക്കെന്ന്
ന്യൂ ഡല്‍ഹി: ബിജെപിയുടെ യുവ എംപിയെ അമേരിക്കയില്‍ വെച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അപമാനിച്ച് ഇറക്കി വിട്ടതായി റിപ്പോര്‍ട്ടുകള്‍. ഓപറേഷന്‍ സിന്ദൂറിന് ശേഷം ശശി തരൂര്‍ നയിക്കുന്ന എംപിമാരുടെ സംഘം വിദേശരാജ്യങ്ങള്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഈ സംഭവം എന്നാണ് പുറത്ത് വരുന്ന വിവരം. ഈ സംഘത്തില്‍ ബിജെപിയുടെ മൂന്ന് എംപിമാരാണ് ഉളളത്. ഇവരില്‍ ഒരാള്‍ ട്രംപുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെന്നും തുടര്‍ന്ന് അപമാനിതനായി ഇറങ്ങിപ്പോരേണ്ടി വന്നു എന്നുമാണ് സൂചന.
കര്‍ണാടക മന്ത്രിയായ പ്രിയാങ്ക് ഖാര്‍ഖെ ആണ് എക്‌സില്‍ ഈ വിഷയം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്. ഇന്ത്യയ്ക്ക് തന്നെ അപമാനമായ ഈ സംഭവത്തില്‍ കേന്ദ്രത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ സംഭവത്തെ കുറിച്ചുളള പത്രവാര്‍ത്തയും ഖാര്‍കെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവിച്ചത് ഇതാണ്. ശശി തരൂരിനെ കൂടാതെ ബിജെപി എംപിമാരായ ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വര്‍ കലിത, എല്‍ജെപിയുടെ സാംഭവി ചൗധരി, ജെഎംഎമ്മിന്റെ സര്‍ഫരാസ് അഹമ്മദ്, ടിഡിപിയുടെ ഹരീഷ് ബാലയോഗി, ശിവസേന എംപിമാരായ മിലിന്ദ് ദിയോറ, മല്ലികാര്‍ജുന്‍ ദേവ്ഡ, അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി തരണ്‍ജിത് സിംഗ് സന്ധു എന്നിവരാണ് അമേരിക്കയിലേക്ക് പോയ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇതില്‍ ബിസിനസ്സുകാരുമായി വലിയ ബന്ധങ്ങളുളള മിലിന്ദ് ദിയോറ ഡൊണാള്‍ഡ് ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. അതില്‍ ബിജെപിയുടെ യുവ എംപി അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് ട്രംപിന്റെ മക്കളുമായി കൂടിക്കാഴ്ചയ്ക്ക് ബിജെപി എംപിയും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അതിന് ശേഷം ട്രംപുമായി നേരിട്ടൊരു കൂടിക്കാഴ്ചയ്ക്കായി ശ്രമം.
അമേരിക്കയിലെ പഴയൊരു സുഹൃത്ത് വഴി ട്രംപുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സമയം ഈ എംപി സംഘടിപ്പിച്ചു. അത് പ്രകാരം സുഹൃത്തുമൊത്ത് മാര്‍ എ ലാഗോ എന്ന ഫ്‌ളോറിഡയിലെ ട്രംപിന്റെ ആഢംബര വസതയിലേക്ക് ബിജെപി എംപി പോയി. ഇന്ത്യയുടെ രാഷ്ട്രത്തലവന്റെ അടുത്ത ആള്‍ എന്നായിരുന്നു എംപിയെ ട്രംപിന് മുന്നില്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലൊരു സ്വീകരണമല്ല ട്രംപില്‍ നിന്നും ബിജെപി എംപിക്ക് കിട്ടിയത്.
ട്രംപ് വളരെ പരുഷമായാണ് എംപിയോട് പ്രതികരിച്ചത്. ഇതോടെ അവിടെ നിന്ന് എംപിക്കും സുഹൃത്തിനും നാണംകെട്ട് മടങ്ങേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം എംപി പുറത്ത് പറഞ്ഞില്ലെങ്കിലും സംഭവം പുറത്തായതോടെ ബിജെപി നേതൃത്വം ഈ എംപിയെ ശകാരിച്ചുവെന്നും താക്കീത് നല്‍കി വിട്ടു എന്നുമാണ് വിവരം.
എല്ലാ നയതന്ത്ര പ്രൊട്ടോക്കോളും മറികടന്ന് എങ്ങനെയാണ് ബിജെപി എംപിക്ക് ഇത്തരമൊരു കൂടിക്കാഴ്ച നടത്താനായത് എന്ന് പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അറിവോടെയോ സമ്മതത്തോടെയോ ആണോ ഈ കൂടിക്കാഴ്ച നടന്നത് എന്നും ഒരു ഔദ്യോഗിക സംഘത്തിന്റെ ഭാഗമായിരിക്കെ ഇത്തരത്തില്‍ പക്വത ഇല്ലാതെ പെരുമാറുന്നത് എങ്ങനെയാണ് ന്യായീകരിക്കുക എന്നും ഖാര്‍ഖെ ചോദിക്കുന്നു. ഈ യുവ ബിജെപി എംപി ആരാണെന്നും എന്ത് നടപടിയാണ് സര്‍ക്കാര്‍ എംപിക്കെതിരെ എടുത്തത് എന്നും പ്രിയങ്ക് ഖാര്‍ഖെ ട്വീറ്റില്‍ ചോദിക്കുന്നു. ഇതൊരു രാഷ്ട്രീയ ഖോസിപ്പ് അല്ല. ട്രംപ് പരസ്യമായി പാകിസ്താനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ വളരെ ഗൗരവതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications