അമേഠിയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം, രാഹുൽ ഗാന്ധിക്കെതിരെ ബ്രഹ്മാസ്ത്രം തൊടുത്ത് ബിജെപി!
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് എതിരായ കോണ്‍ഗ്രസിന്റെ ആക്രമണത്തിന്റെ കുന്തമുന റാഫേല്‍ ഇടപാടാണ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന കോണ്‍ഗ്രസിന്റെ വൈറലായ മുദ്രാവാക്യവും റാഫേലിന്റെ ചുവട് പിടിച്ചാണ്. കോണ്‍ഗ്രസിനെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ബിജെപി നീക്കം.
രാഹുല്‍ ഗാന്ധിയെ പൂട്ടാനുളള പതിനെട്ടാമത്തെ അടവാണ് ബിജെപി പുറത്ത് എടുത്തിരിക്കുന്നത്. യുപിഎ ഭരണകാലത്ത് പ്രതിരോധ കരാര്‍ ലഭിക്കാന്‍ രാഹുല്‍ ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്.

പോളിംഗിന് തൊട്ട് മുൻപ്
അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ജനവിധി തേടുകയാണ്. ബിജെപിയുടെ സ്മൃതി ഇറാനിയില്‍ നിന്ന് ഇത്തവണ കടുത്ത മത്സരമാണ് രാഹുല്‍ ഗാന്ധി നേരിടുന്നത്. അമേഠി പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ ഗാന്ധിക്ക് നേരെ ബിജെപി ആവനാഴിയിലെ അവസാനത്തെ ആയുധം പ്രയോഗിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പൗരത്വ വിവാദം
ആദ്യം രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട് എന്നാരോപിച്ചാണ് ബിജെപി ആക്രമണം തുടങ്ങിയത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി പ്രകാരം കേന്ദ്ര ആഭ്യന്തര വകുപ്പ് രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയക്കുകയും ചെയ്തു. ബ്രിട്ടീഷ് പൗരത്വമെന്ന ആരോപണത്തില്‍ തെളിവ് ആവശ്യപ്പെട്ടാണ് നോട്ടീസ്.

കേന്ദ്രത്തിന്റെ നോട്ടീസ്
ബ്രിട്ടീഷ് പൗരനല്ല താനെന്ന് തെളിയിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് കേന്ദ്രം രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചത്. ബ്രിട്ടനില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാക്കോപ്‌സ് എന്ന കമ്പനിയുടെ രേഖകളില്‍ പറയുന്നത് രാഹുല്‍ ബ്രിട്ടീഷ് പൗരനാണ് എന്നാണ് ബിജെപി ആരോപണം.

അടുത്ത ആക്രമണം
ബ്രിട്ടീഷ് പൗരത്വത്തിന്റെ പേരിലുളള ആരോപണം ഒരു വശത്ത് കത്തുമ്പോഴാണ് അതേ കമ്പനിയുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അടുത്ത ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. ബാകോപ്‌സ് കമ്പനിയുടെ പങ്കാളിയായ മറ്റൊരു കമ്പനിക്ക് പ്രതിരോധ ഇടപാട് കരാര്‍ ലഭിക്കുന്നതിന് രാഹുല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.

ബ്രിട്ടനിലെ ബാകോപ്സ്
കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അഴിമതി ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സോണിയാ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും പങ്കാളിത്തത്തില്‍ 2002ല്‍ ഇന്ത്യയിലാണ് രാഹുല്‍ ബാകോപ്‌സ് എന്ന പേരില്‍ ആദ്യമായി കമ്പനി രൂപീകരിച്ചത്.

മുങ്ങിക്കപ്പല്‍ ഇടപാടിലെ ഓഫ്‌സൈറ്റ് കരാര്‍
ഇതേ പേരില്‍ ബ്രിട്ടനിലും രാഹുല്‍ ഗാന്ധി തൊട്ടടുത്ത വര്‍ഷം കമ്പനി രൂപീകരിച്ചു. 2009 വരെ ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ഉള്‍റിക് മിക്‌നൈറ്റ് ആയിരുന്നു അന്ന് ബാകോപ്‌സിന്റെ പ്രധാന പങ്കാളി. ഉള്‍റിക് മിക്‌നൈറ്റിന്റെ തന്നെ മറ്റൊരു കമ്പനിക്ക് സ്‌കോര്‍പിയോണ്‍ മുങ്ങിക്കപ്പല്‍ ഇടപാടിലെ ഓഫ്‌സൈറ്റ് കരാര്‍ ലഭിച്ചിരുന്നു.

ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു
ഈ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എന്നാണ് ബിജെപി ആരോപണം. ഇതേ രാഹുല്‍ ഗാന്ധിയാണ് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ഓഫ് സെറ്റ് കരാറിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എന്നും അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

തെളിവ് ചോദിച്ച് കോൺഗ്രസ്
അതേസമയം രാഹുല്‍ ഗാന്ധിക്ക് എതിരായ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ അത്തരമൊരു ആരോപണം ഉണ്ടെങ്കില്‍ ഈ 5 വര്‍ഷം എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കുകയും വേണമെന്ന് കോണ്‍ഗ്രസ് വക്താവ് കബില്‍ സിബല്‍ പ്രതികരിച്ചു.












Click it and Unblock the Notifications