ജമ്മു കശ്മീരില്‍ ആദ്യം 44 പേരുടെ പട്ടിക പുറത്തിറക്കി ബിജെപി, പിന്നാലെ പിന്‍വലിച്ചു: ഒടുവില്‍ 15 പേർ
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് ബി ജെ പി. പിന്നാലെ പുതിയ പട്ടികയും പുറത്തിറക്കി. 90 നിയമസഭാ സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള 44 സ്ഥാനാർത്ഥികളുടെ പട്ടികയായിരുന്നു ബി ജെ പി ഇന്ന് രാവിലെ പുറത്തുവിട്ടത്. എന്നാല്‍ അധികം വൈകാതെ തന്നെ പാർട്ടി ആ പട്ടിക പിന്‍വലിക്കുകയും 15 പേരുടെ പുതിയ പട്ടിക ഇറക്കുകയും ചെയ്തു.
ആദ്യഘട്ട തിരഞ്ഞെടുപ്പിലെ 15 പേരുടെ പട്ടികയാണ് നിലവില്‍ ഔദ്യോഗികമായിട്ടുള്ളത്. ജമ്മു കശ്മീർ ബി ജെ പി അധ്യക്ഷൻ രവീന്ദർ റെയ്‌ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിംഗ്, കവിന്ദർ ഗുപ്ത . നാഷണൽ കോൺഫറൻസിൽ നിന്ന് മാറിയെത്തി കേന്ദ്രമന്ത്രിയായ ഡോ.ജിതേന്ദ്ര സിങ്ങിൻ്റെ സഹോദരൻ ദേവേന്ദ്ര റാണ തുടങ്ങിയ പ്രമുഖർ ആദ്യം പുറത്തിറക്കിയ 44 പേരുടെ പട്ടികയിലുണ്ടായിരുന്നു.

രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്ലീം സ്ഥാനാർത്ഥികളും ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നു. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പി ഡി പി, പാന്തേഴ്‌സ് പാർട്ടി എന്നിവയില്‍ നിന്നും മാറി ബി ജെ പിയിൽ ചേർന്ന നിരവധി മുൻ നേതാക്കളും ഇപ്പോൾ നീക്കം ചെയ്ത പട്ടികയിലുണ്ടായിരുന്നു. ആദ്യ പട്ടിക പുറത്തിറക്കിയതിന് ശേഷം പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയർന്ന് വന്ന അമർഷം കാരണമാണ് പാർട്ടി പിന്നോക്കം പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജമ്മു കശ്മീരില്‍ സെപ്തംബർ 19, 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒക്ടോബർ 4 ന് വോട്ടെണ്ണും. 2019-ൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നഷ്ടപ്പെടുകയും കേന്ദ്ര ഭരണ പ്രദേശങ്ങളായി രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുമതിക്ക് ശേഷം ഇന്ന് രാവിലെയാണ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ഇന്നലെ ഡൽഹിയിൽ നടന്ന സുപ്രധാന യോഗത്തിൽ പങ്കെടുത്തിരുന്നു.
ജമ്മു കാശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014-ലാണ്. ആ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ നേടിയ ബി ജെ പി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 28 സീറ്റുകളില്‍ വിജയിച്ച പി ഡി പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. നാഷണൽ കോൺഫറൻസ് 15 സീറ്റും കോൺഗ്രസ് 12 സീറ്റും സ്വന്തമാക്കാനായി. തിരഞ്ഞടുപ്പിന് ശേഷം ബി ജെ പി യും പി ഡി പിയും ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു.
ബി ജെ പിയും പി ഡി പിയും നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും തമ്മിലുള്ള ത്രികക്ഷി മത്സരത്തിനാണ് ഇത്തവണ ജമ്മു കശ്മീരിൽ ഒരുങ്ങുന്നത്. എന്നാൽ, സീറ്റ് വിഭജനത്തിലുള്ള ഭിന്നത കോൺഗ്രസും നാഷണൽ കോൺഫറൻസും ഇതുവരെ പരിഹരിച്ചിട്ടില്ല. നാഷണൽ കോൺഫറൻസും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ചർച്ചകളിലെ തടസ്സങ്ങൾ നീക്കാൻ കോൺഗ്രസ് മുതിർന്ന നേതാക്കളായ കെസി വേണുഗോപാലിനെയും സൽമാൻ ഖുർഷിദിനെയും ശ്രീനഗറിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ളയെയും വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ളയെയും കണ്ടായിരുന്നു സഖ്യം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications