ബ്രാഹ്മണരുടെ വോട്ട് കിട്ടിയേ തീരു; യുപിയിൽ നിർണായക നീക്കവുമായി ബിജെപി
ലഖ്നൗ; ജാതി രാഷ്ട്രീയം നിർണായകമായ ഉത്തർപ്രദേശിൽ വിവിധ സമുദായാംഗങ്ങളുടെ വോട്ടുറപ്പാക്കാനുള്ള നീക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്തെ പ്രബല വിഭാഗമായ ബ്രാഹ്നണർ ബി ജെ പിക്കൊപ്പം നിന്നതായിരുന്നു കഴിഞ്ഞ തവണ യു പി തൂത്തുവാരാൻ ഭരണകക്ഷിയായ ബി ജെ പിയെ സഹായിച്ചത്. എന്നാൽ ഇക്കുറി ബ്രാഹ്മണ വോട്ടുകൾ ബി ജെ പിയുടെ പെട്ടിയിൽ വീഴുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
ഠാക്കൂർ വിഭാഗക്കാരായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കിയത് മുതൽ ബ്രാഹ്മണ വിഭാഗത്തിനുള്ളിൽ കടുത്ത അതൃപ്തി ശക്തമായിരുന്നു. യോഗിക്ക് കീഴിൽ കടുത്ത അവഗണനയാണ് സമുദായം നേരിടേണ്ടി വരുന്നതെന്ന വികാരവും അംഗങ്ങൾക്കിടയിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ ബ്രാഹ്മണ വോട്ടുകൾ നേടിയെടുക്കാൻ പ്രത്യേക സമിതിയെ തന്നെ രൂപീകരിച്ചിരിക്കുകയാണ് ബി ജെ പി . വിശദാംശങ്ങളിലേക്ക്

12 ഓളം ലോക്സഭ സീറ്റിലും 50 ൽ അധികം നിയമസഭ സീറ്റിലും നിർണായക ഘടകമാണ് സംസ്ഥാനത്തെ 17 ശതമാനത്തോളം വരുന്ന ബ്രാഹ്മണ സുമദായം. യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഠാക്കൂർ സമുദായത്തിനു പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നാണ് ബ്രാഹ്മണ സമുദായത്തിന്റെ പരാതി. ഇതോടെ ബി ജെ പിയുമായി അകൽച്ച പുലർത്തുകയാണ് സമുദായ നേതൃത്വം. ഈ അകൽച്ച കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പി അനുഭവിച്ചറിഞ്ഞു. സമുദായത്തിന് സ്വാധീനമുള്ള മേഖലകളിൽ ബി ജെ പി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്.

ബി ജെ പിയോടുള്ള ബ്രാഹ്മണ വിഭാഗത്തിന്റെ എതിർപ്പുകൾ മുതലെുക്കാനുള്ള നീക്കങ്ങൾ പ്രതിപക്ഷ പാർട്ടികളും ശക്തമാക്കിയിട്ടുണ്ട്. ബി എസ് പിയും എസ് പിയും കോൺഗ്രസും ഉൾപ്പെടെ പ്രത്യേക ശ്രദ്ധയാണ് ബ്രാഹ്നണ മേഖലയ്ക്ക് നൽകുന്നത്. അതേസമയം പല ബ്രാഹ്മണ നേതാക്കളും പ്രത്യേകിച്ച് പൂർവാഞ്ചലിലേയും കിഴക്കൻ ഉത്തർപ്രദേശിലേയും നിരവധിപേർ അടുത്തിടെ സമാജ്വാദി പാർട്ടിയിലേക്ക് ചേക്കേറിയിരുന്നു. നേരത്തെ ബഹുജൻ സമാജ് പാർട്ടിയിലുണ്ടായിരുന്നവരായിരുന്നു ഇവരിൽ ഏറെയും.

ഈ സാഹചര്യത്തിലാണ് സമുദായത്തെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സമിതിയെ തന്നെ ബി ജെ പി തയ്യാറാക്കിയത്. നാലംഗ സമിതിയാണ് പാർട്ടി രൂപീകരിച്ചത്. മോദി സർക്കാരിലെ മുൻ സഹമന്ത്രി ശിവപ്രതാപ് ശുക്ല, എംപി മഹേഷ് ശർമ, പാർട്ടി നേതാവ് അഭിജിത് മിശ്ര, രാജ്യസഭാംഗം രാംഭായ് മൊകാരിയ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഞായറാഴ്ച പാർട്ടിയുടെ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് സമിതിയെ രൂപീകരിക്കാനുള്ള തിരുമാനം.

സമിതിയുടെ നേതൃത്വത്തിൽ ബ്രാ്മണ സമ്മേളനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. മാത്രമല്ല രാമക്ഷേത്ര നിർമ്മാണത്തിനായി ബി ജെ പി നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അയോധ്യയിൽ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പുനർവികസനത്തിനായി ബി ജെ പി നടത്തിയ ഇടപെടലുകളെ കുറിച്ചെല്ലാം ബ്രാഹ്മണർക്കിടയിൽ പാർട്ടി ശക്തമായ പ്രചാരണം നടത്തും.

അതേസമയം നേരത്തേ ബ്രാഹ്മണ വിഭാഗത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സമുാദയാംഗങ്ങൾക്ക് മന്ത്രിസഭ പുനഃസംഘടനയിൽ അവസരം നൽകിയിരുന്നു.
കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ എത്തിയ ബ്രാഹ്മണ സമുദായാംഗമായ ജിതിൻ പ്രസാദയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. 2017 ൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി വിജയിച്ചത്. ഇത്തവണ 300 സീറ്റുകളെങ്കിലും നേടി സംസ്ഥാനത്ത് ഭരണ തുടർച്ച നേടുമെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്.