മാസ്റ്റര്‍ പ്ലാനുമായി ബിജെപി; പ്രമുഖരായ 7 കേന്ദ്രമന്ത്രിമാര്‍ രാജ്യസഭയിലേക്ക് ഇല്ല... ലക്ഷ്യം ലോക്‌സഭ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ആരോഗ്യകാരണങ്ങള്‍ സൂചിപ്പിച്ച് സോണിയ റായ്ബറേലിയിലുള്ളവര്‍ക്ക് വികാര നിര്‍ഭരമായ കുറിപ്പ് എഴുതി.
അതേസമയം, രാജ്യസഭാ എംപിമാരില്‍ ചിലരെ വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ച ബിജെപി ഏഴ് കേന്ദ്രമന്ത്രിമാരെ മാറ്റി നിര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്. മാറ്റി നിര്‍ത്തിയവരുടെ കൂട്ടത്തില്‍ മലയാളിയായ വി മുരളീധരനുമുണ്ട്. എന്തുകൊണ്ടാണ് ബിജെപി ഇങ്ങനെ ഒരു തീരുമാനം എടുത്തത്?

ഏഴ് കേന്ദ്രമന്ത്രിമാരെ വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യേണ്ട എന്ന് ബിജെപി തീരുമാനിച്ചു. ഇവരെല്ലാം ഏപ്രിലില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡാവിയ (ഗുജറാത്ത്), വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ (മധ്യപ്രദേശ്), ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ (കര്‍ണാടക), വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ (മഹാരാഷ്ട്ര) എന്നിവരെല്ലാം ഇതില്‍പ്പെടും.
പരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍ യാദവ് (രാജസ്ഥാന്‍), ഫിഷറീസ് മന്ത്രി പര്‍ഷോത്തം രുപാല (ഗുജറാത്ത്), ചെറുകിട സംരംഭക മന്ത്രി നാരായണ്‍ റാണെ (മഹാരാഷ്ട്ര) എന്നിവരും ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കില്ല. ഇവരെല്ലാം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങും. മുതിര്‍ന്നവരെ മല്‍സരിപ്പിച്ച് നേട്ടം കൊയ്യുക എന്ന തന്ത്രമാണ് ബിജെപി ആലോചിക്കുന്നത്.
ഒഡീഷ സ്വദേശിയാണ് ധര്‍മേന്ദ്ര പ്രധാന്‍. അദ്ദേഹം ഒഡീഷയിലെ സംബല്‍പൂര്‍, ധേക്‌നാല്‍ എന്നീ മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് സാധ്യത. ഭൂപീന്ദര്‍ യാദവ് രാജസ്ഥാനിലെ അല്‍വാറിലോ മഹേന്ദ്രഗഡിലോ മല്‍സരിക്കും. രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ ഏതെങ്കിലും സീറ്റിലാകും മല്‍സരിക്കുക. മണ്ഡാവിയ ഗുജറാത്തിലെ ഭാവ്‌നഗറില്‍ ജനവിധി തേടിയേക്കും. രുപാല രാജ്‌കോട്ടില്‍ മല്‍സരിക്കാനാണ് സാധ്യത.
വി മുരളീധരന്‍ കേരളത്തിലെ ആറ്റിങ്ങല്‍ മണ്ഡലത്തിലോ തിരുവനന്തപുരം മണ്ഡലത്തിലോ മല്‍സരിച്ചേക്കും. കേരളത്തില്‍ ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന രണ്ട് മണ്ഡലങ്ങളാണിത്. കൂടാതെ പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളും ബിജെപി പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധി വീണ്ടും മല്‍സരിച്ചാല്‍ വയനാട് മണ്ഡലം ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ നേതൃത്വം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ചില പുതുമുഖങ്ങളെയും പരീക്ഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. ഏപ്രില്‍ 56 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്.












Click it and Unblock the Notifications