ബിജെപിയെ പൂട്ടും: ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോർക്കുന്നു, കണക്കുകള്‍ അനുകൂലം
അഗർത്തല: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് സി പി എം. ബി ജെ പിയുടെ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ ബിജെപി വിരുദ്ധ മതേതര ശക്തികളോടും ഒരു രാഷ്ട്രീയ സഖ്യം രൂപീകരിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നിലവിലെ സാഹചര്യം മനസ്സിലാക്കണം, ഇല്ലെങ്കില്‍ അവർ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ ഏതെങ്കിലും 'അവസരവാദ സഖ്യം' കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് മതേതര ശക്തികളുമായി ഒരു രാഷ്ട്രീയ സഖ്യം ഉറപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. പിന്നീട്, ബിജെപിയെ പരാജയപ്പെടുത്താൻ ഒരു തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാം. ബി ജെ പിയുടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്ന രാഷ്ട്രീയ പരിപാടികൾ ആരംഭിക്കാൻ ബിജെപി വിരുദ്ധ മതേതര ശക്തികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു'' ചൗധരി വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

2023 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ സാധിക്കുന്ന ഒരു അവസരവും നഷ്ടപ്പെടുത്തില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമനും തിങ്കളാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഇത് സി പി എമ്മിനും ഇടത് കക്ഷികള്‍ക്കും സഖ്യത്തിലേക്കുള്ള ക്ഷണമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെട്ടിട്ടുള്ളത്. പ്രൊദ്യോത് കിഷോർ ദേബ് ബർമാന്റെ നേതൃത്വത്തിലുള്ള പുതിയ ട്രൈബൽ പാർട്ടി ടിപ്രയ്ക്കും അദ്ദേഹം ക്ഷണം നല്‍കുന്നുണ്ട്.

ബി ജെ പിയ പരാജയപ്പെടുത്താൻ ഞങ്ങൾ എല്ലാം ചെയ്യും എന്നായിരുന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ (എം) മായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാണോ എന്ന ചോദ്യത്തിന് റോയ് ബർമാൻ നല്‍കിയ മറുപടി. 2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ തരംഗം ഇപ്പോള്‍ ത്രിപുരയിൽ ഇല്ലെന്നാണ്, സി പി എമ്മും അഭിപ്രായപ്പെടുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമാണ്. നിലവില്‍ അവരുടെ ജനപിന്തുണ 20 ശതമാനം മാത്രമാണെന്നും പാർട്ടി സെക്രട്ടറി അഭിപ്രായപ്പെടുന്നു.

2018ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയായിരുന്നു ബി ജെ പി-ഐ പി എഫ് ടി സഖ്യം അധികാരത്തിലെത്തിയത്. "അവർ (ബിജെപി പ്രവർത്തകർ) കള്ളപ്പണം വിതരണം ചെയ്യാനും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മസിൽ പവർ ഉപയോഗിക്കാനും ശ്രമിക്കുകയാണ്," സി പി എമ്മിലെ മുൻ എംപി ആരോപിച്ചു.

2018 ലെ നിയമസഭയിൽ, കോൺഗ്രസിന്റെ 40 വോട്ട് വിഹിതം ബിജെപിയിലേക്ക് മാറുകയാണ് ഉണ്ടായതെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് സംസ്ഥാനത്ത് 2 ശതമാനം വോട്ട് മാത്രമായിരുന്നു ലഭിച്ചത്. 2018ലെ തിരഞ്ഞെടുപ്പിൽ സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ 7 ശതമാനം വോട്ടും ബി ജെ പി പിടിച്ചെടുത്തു. സിപിഐ എം വോട്ട് വിഹിതം 52 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറഞ്ഞപ്പോൾ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 7 ശതമാനം വോട്ടായിരുന്നു നേടിയത്. ഇത്തവണ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിന്നാല്‍ ബി ജെ പിയെ വിഴ്ത്താന്‍ കഴിയുമെന്നാണ് സി പി എം കണക്ക് കൂട്ടുന്നത്.

60 അംഗ നിയമസഭയിൽ ബി ജെ പിക്ക് 36 എം എൽ എമാരും സഖ്യകക്ഷിയായ ഐ പി എഫ് ടി ഏഴ് എം എൽ എമാരും സിപിഐഎമ്മിന് 15 എം എൽ എമാരുമാണുള്ളത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ വിജയിക്കാന്‍ സാധിച്ചിരുന്നു. ത്രിപുര നിയമസഭാംഗമെന്ന നിലയിൽ കഴിഞ്ഞ വർഷം രാജി സമർപ്പിച്ച വിമത ഐപിഎഫ്ടി എംഎൽഎ ബ്രിഷകേതു ദേബ് ബർമയെ രാജി ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ അയോഗ്യനാക്കിയതായി കഴിഞ്ഞ ദിവസം സ്പീക്കർ അറിയിച്ചിരുന്നു.












Click it and Unblock the Notifications