കർണാടകയിൽ ബിജെപി തന്നെ, 114 സീറ്റുകൾ വരെ നേടും, കോൺഗ്രസ് 86 ൽ ഒതുങ്ങും; സർവ്വേ
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി അധികാരം നിലനിർത്തിയേക്കുമെന്ന പ്രവചനവുമായി സർവ്വേ. ഏഷ്യാനെറ്റ് സുവർണ ന്യൂസ്-ജൻ കി ബാത്ത് സർവ്വേയിലാണ് കർണാടകയിൽ ബിജെപി വിജയിക്കുമെന്ന് പ്രവചിച്ചത്. 110 മുതൽ 114 സീറ്റുകൾ വരെയാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് 86 മുതൽ സീറ്റുവരേയും സർവ്വേ പറയുന്നു. ജെ ഡി എസിന് 20 മുതൽ 26 വരെ സീറ്റുകൾ ലഭിച്ചേക്കും. ജൻ കീ ബാത്ത് ആദ്യ ഘട്ട സർവ്വേയിൽ 109 സീറ്റുകളായിരുന്നു ബി ജെ പിക്ക് പ്രവചിച്ചത്. 224 അംഗ സഭയിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
പഴയ മൈസുരൂ, ബെംഗളൂരു,മേഖല, മധ്യ കര്‍ണാടക, ഹൈദരബാദ് കര്‍ണാടക മേഖലകളില്‍ ബി ജെ പിയുമായി കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയേക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ഇത്തവണ ബി ജെ പി വലിയ ശ്രദ്ധ പതിപ്പിച്ച മേഖലയായിരുന്നു പഴയ മൈസുരു. ജെഡിഎസിന്റെ ശക്തി കേന്ദ്രമായ ഇവിടെ ഒരു സീറ്റ് മാത്രമാണ് ബി ജെ പിക്കുള്ളത്. എന്നാൽ ഇത്തവണ സീറ്റുകൾ 14 ആക്കി ഉയർത്താൻ ആകുമെന്ന് സർവ്വേ പ്രവചിക്കുന്നു.

അതേസമയം മേഖലയിൽ കോൺഗ്രസിനായിരിക്കും ഇക്കുറി ആധിപത്യമെന്നും സർവ്വേ പറയുന്നു. 57 സീറ്റുകളിൽ 24 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ആദ്യ ഘട്ട സർവ്വേയിൽ 22 സീറ്റുകൾ ജെ ഡി എസിന് ഇവിടെ പ്രവചിച്ചിരുന്നുവെങ്കിലും 19 സീറ്റുകൾക്ക് മാത്രമാണ് നിലവിൽ സാധ്യത പറയുന്നത്.
പതിവ് പോലെ തന്നെ തീരദേശ കർണാടകം ബി ജെ പിക്കൊപ്പെ ഉറച്ച് നിൽക്കുമെന്ന് സർവ്വേ പറയുന്നു. 19 ൽ 15 സീറ്റുകളും ബി ജെ പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. മുംബൈ കർണാടക മേഖലയിലും ബി ജെ പിക്ക് നേട്ടം കൊയ്യാനാകും. ബെംഗളൂരു മേഖലയിൽ കോൺഗ്രസും ബി ജെ പിയും തമ്മിലാകും ശക്തമായ പോരാട്ടമെന്ന് സർവ്വേ പറയുന്നു.
അതേസമയം പുറത്ത് വന്ന അഭിപ്രായ സർവ്വേകളിലും കോൺഗ്രസിനാണ് ഇത്തവണ ഭരണ സാധ്യത പ്രവചിക്കുന്നത്. 120 വരെ സീറ്റുകൾ പാർട്ടിക്ക് ലഭിച്ചേക്കുമെന്നാണ് ചില സർവ്വേകൾ പ്രവചിച്ചത്. 140 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം.












Click it and Unblock the Notifications