ജി20 യോഗത്തെ ബിജെപി ഹൈജാക്ക് ചെയ്യാന്‍ നോക്കുന്നു; ലോഗോയെ ചോദ്യം ചെയ്ത് മെഹബൂബ മുഫ്തി
ശ്രീനഗര്‍: ജി20 യോഗം ബിജെപി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജി20 ലോഗോയില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തി. അവര്‍ സ്വന്തം പാര്‍ട്ടിയുടെ ചിഹ്നമാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മെഹബൂബ മുഫ്തി ആരോപിച്ചു.
കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് അവര്‍ ബെംഗളൂരുവിലെത്തിയിരുന്നു. ഈ സമയത്താണ് അവര്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്. മൂന്നാമത് ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗമാണ് ശ്രീനഗറില്‍ നടക്കുന്നത്. ഇന്ത്യ വന്‍ സജ്ജീകരണങ്ങളോടെയാണ് അംഗ രാജ്യങ്ങള്‍ അടക്കമുള്ളവരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

ജി20 രാജ്യത്തിന് വേണ്ടിയുള്ള ഒരു ഇവന്റാണ്. എന്നാല്‍ ബിജെപി അതിന് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അതിന്റെ ലോഗോയുടെ സ്ഥാനത്ത് ഇപ്പോള്‍ താമരയാണ് ഉള്ളതെന്നും മെഹബൂബ ആരോപിച്ചു. ലോകം നമ്മുടെ രാജ്യവുമായി ബന്ധമുള്ള എന്തെങ്കിലുമായാല്‍ നന്നായിരുന്നു. അല്ലാതെ അവിടെ ഒരു പാര്‍ട്ടിയുടെ ചിഹ്നമല്ല വേണ്ടതെന്നും മെഹബൂബ പറഞ്ഞു.
സാര്‍ക്ക് യോഗമായിരുന്നു ശ്രീനഗറില്‍ നടത്തേണ്ടിയിരുന്നത്. അതിലൂടെ മാത്രമേ നമ്മുടെ രാജ്യത്തിന് നേതൃത്വം ഇവിടെ സ്ഥാപിക്കാനാവൂ. ഒരു സാര്‍ക്ക് യോഗം വിളിച്ച് നമ്മുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഫ്തി ചോദിച്ചു.ജി20 യോഗം ഒരു സുപ്രധാനപ്പെട്ട അന്താരാഷ്ട്ര പരിപാടിയാണ്.
കശ്മീര്‍ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിക്കുന്നത്. ആഗോള തലത്തില്‍ ജമ്മു കശ്മീരിനെ പ്രമോട്ട് ചെയ്യാനുള്ള പ്രധാനപ്പെട്ട അവസരമാണിതെന്നും ജി20 അധികൃതര്‍ പറഞ്ഞു. അതേസമയം 2023 കശ്മീരിനെ സംബന്ധിച്ച് ടൂറിസത്തില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കിയ വര്‍ഷമാണ്. 1.88 കോടി ടൂറിസ്റ്റുകളാണ് സംസ്ഥാനത്തെത്തിയത്. ഇതും കൂടി മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ജി20 യോഗം കശ്മീരില്‍ വെച്ച് നടത്തുന്നത്.
അതേസമയം പ്രതിപക്ഷ ഐക്യത്തെ കുറിച്ചും മെഹബൂബ സംസാരിച്ചു. കോണ്‍ഗ്രസിനാണ് ഉത്തരവാദിത്തമുള്ളത്. ഇന്ത്യയുടെ അതിജീവനം അവരുടെ കൈയ്യിലാണ്. മറ്റേതൊരു പാര്‍ട്ടിയെ അപേക്ഷിച്ചും അവരാണ് തീരുമാനമെടുക്കേണ്ടതെന്നും മെഹബൂബ പറഞ്ഞു.
വാജ്‌പേയ് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഒന്നും വരാത്ത രീതിയിലാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ പകയ്ക്ക് ഇടയില്‍ തടവുപുള്ളിയായി നില്‍ക്കുകയാണ് കശ്മീര്‍. അതാണ് പരിഹരിക്കപ്പെടേണ്ടത്. നിലവില്‍ ജനങ്ങളുടെ വീടുകള്‍ വരെ കൈയ്യേറിയുള്ള സുരക്ഷയാണ് കശ്മീരില്‍ ഉള്ളതെന്നും മെഹബൂബ പറഞ്ഞു.












Click it and Unblock the Notifications