കാഞ്ചിപുരത്ത് പടക്കശാലയിൽ സ്ഫോടനം; എട്ട് മരണം, 19 ഓളം പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് മരണം. 19 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ 11 പേരെ കാഞ്ചീപുരം ഗവൺമെന്റ് ആശുപത്രിയിലും മറ്റുള്ളവരെ സമീപ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പടക്കശാലയിൽ അപകടം നടക്കുന്ന സമയത്ത് 25 ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.നരേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കശാല. പടക്കശാലയ്ക്ക് ലൈസൻസ് ഉണ്ടോയെന്നത് വ്യക്തമല്ല. ഉണക്കാനായി പുറത്ത് സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്കാണ് തീപിടിച്ചത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്കും തീ പടർന്ന് പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
തീ പടർന്ന പിന്നാലെ തന്നെ നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കാഞ്ചീപുരം ജില്ലാ മജിസ്‌ട്രേറ്റ് എം ആരതിയും ഡിഐജി പി പകലവനും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications