ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ മൾട്ടിപ്ലക്‌സിന് സമീപം സ്ഫോടനം; സ്ഥലത്ത് പോലീസ് പരിശോധന
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറിൽ പിവിആർ മൾട്ടിപ്ലക്‌സിന് സമീപം സ്ഫോടനം. മേഖലയിലെ അറിയപ്പെടുന്ന ഒരു മധുരപലഹാര വിൽപ്പന ശാലയ്ക്ക് അടുത്തയാണ് സ്ഫോടനം നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ ആർക്കും പരിക്കേൽക്കുകയോ എന്തെങ്കിലും വിധത്തിലുള്ള നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തിട്ടില്ല. പ്രാഥമിക പരിശോധനയിൽ സ്ഫോടനം ഉണ്ടായ സ്ഥലത്ത് നിന്ന് ഒരു വെളുത്തപൊടി കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തെ പ്രധാന മധുരപലഹാരക്കടയായ 'ബൻസി വാല'യോട് ചേർന്നുള്ള പാർക്കിന്റെ അതിർത്തിയിലുള്ള മതിലിന് സമീപമാണ് സ്‌ഫോടനം നടന്നത്. സ്ഫോടന വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി. എന്താണ് സ്‌ഫോടനത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പരിശോധിക്കുകയാണ്. പുതിയ സംഭവ വികാസത്തോടെ രോഹിണി പ്രശാന്ത് വിഹാർ മേഖലയിലുള്ളവർ കൂടുതൽ കൂടുതൽ ആശങ്കയിലാണ്.

രാവിലെ 11.48നാണ് സ്‌ഫോടനം സംബന്ധിച്ച് ഫോൺ കോൾ ലഭിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു. തുടർന്ന് നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അഗ്നിശമന സേന വിവരം അറിയിച്ചത്. നേരത്തെ ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം നടന്ന സ്‌ഫോടനവുമായി സാമ്യമുള്ളതാണ് ഇന്ന് പ്രശാന്ത് വിഹാറിൽ ഉണ്ട സ്ഫോടനം എന്നാണ് സൂചന.
അതേസമയം, ഒക്ടോബർ 20ന് മേഖലയിലെ തന്നെ സിആർപിഎഫ് സ്‌കൂളിലും സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു. ഞായറാഴ്‌ച ആയതിനാൽ സ്‌കൂൾ അവധിയായിരുന്നു. അതിനാൽ വിദ്യാർത്ഥികളും അധ്യാപകരും സ്ഥലത്ത് ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്‌കൂളിന് സമീപത്തെ മതിലിന് സ്‌ഫോടനത്തിൽ സാരമായ കേടുപാടുകൾ പറ്റിയിരുന്നു.
ക്രൂഡ് ബോംബ് മൂലമാണ് സ്‌ഫോടനമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ഈ സാധ്യതകൾ തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു അടുത്തുള്ള മാലിന്യകൂമ്പാരത്തിലെ വ്യാവസായിക മാലിന്യങ്ങളിൽ അണയാത്ത സിഗരറ്റ് കുറ്റി വീണത് മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
എന്നിരുന്നാലും ഈ സംഭവത്തിന് പിന്നാലെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. കൂടാതെ രാജ്യത്തെ വിവിധ സിആർപിഎഫ് സ്‌കൂളുകൾക്ക് ഭീഷണിയും ലഭിച്ചിരുന്നു. അതിനിടെ ഇന്ന് ഡൽഹിയിൽ മുൻ മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ പത്രസമ്മേളനം നടക്കുന്ന വേളയിലാണ് സ്ഫോടനം ഉണ്ടായത്.












Click it and Unblock the Notifications