ബോംബെ ഹൈക്കോടതി മാഗിയുടെ നിരോധനം നീക്കി
ദില്ലി : ഇന്ത്യയില്‍ മാഗി നൂഡില്‍സിന്റെ നിരോധനം നീക്കി. ബോംബെ ഹൈക്കോടതിയാണ് നിരോധനം നീക്കിയത്. ആറാഴ്ചത്തേക്കാണ് നിരോധം നീക്കിയത്.
ഭക്ഷ്യ സുരക്ഷാവകുപ്പിന്റെത് മതിയായ ന്യായീകരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. മാഗി നിരോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പുതിയ പരിശോധന നടത്താനും കോടതി ഉത്തരവിട്ടു.
മൂന്നു ലാബുകളിലായി അഞ്ച് സാമ്പിളുകള്‍ പരിശോധിക്കണം എന്നാണ് കോടതി നിര്‍ദേശം. എന്നാല്‍ വിപണിയിലേക്ക് മാഗി എത്തണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ കഴിയേണ്ടി വരും.ജസ്റ്റിസ് വി.എം കനഡെ, ജസ്റ്റിസ് ബര്‍ഗസ് കൊലബാവല്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.

ജൂണ്‍5നാണ് മാഗി രാജ്യവ്യാപകമായി നിരോധിച്ചത്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ ഗുണ നിലവാരം കുറഞ്ഞ ലബോറട്ടിറികളിലാണ് പരിശോധനയ്ക്ക് അയച്ചതെന്നാണ് നെസ്ലെ വാദിച്ചത് . കമ്പനി നടത്തിയ പരിശോധനയില്‍ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്നും വിവിധ വിദേശ രാജ്യങ്ങളില്‍ ഇപ്പോഴും മാഗി വില്‍ക്കുന്നതിന് തടസ്സങ്ങളില്ലെന്നും കമ്പനി കോടതിയില്‍ വാദിച്ചു.
നെസ്‌ലെ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരസ്യത്തിലൂടെ ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം












Click it and Unblock the Notifications