ലോട്ടറിയല്ല, ബംപർ ലോട്ടി! തക്കാളി വിറ്റ് കർഷകന് കിട്ടിയത് 2.8 കോടി, 'ഇനിയും കിട്ടും ഒന്നര കോടി കൂടി'
ഡൽഹി: സാധാരണ നിലയിൽ പച്ചക്കറി വില കുതിച്ചാലും അതിന്റെ ലാഭം കർഷകന് കിട്ടുന്ന പതിവ് ഇല്ല. എന്നാൽ തക്കാളിയുടെ കാര്യത്തിൽ ഇക്കുറി മറിച്ചാണ് കാര്യങ്ങൾ. വില വർധിക്കാൻ തുടങ്ങിയതോടെ വൻ ലാഭമാണ് കർഷകർക്കും ലഭിക്കുന്നത്.
ഇത്തരത്തിൽ തക്കാളി വിറ്റ് ഒന്നരക്കോടിയോളം രൂപ കർഷകന് ലാഭം ലഭിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തക്കാളി വിറ്റ് 2.8 കോടി ലാഭം നേടിയെന്ന് പറയുകയാണ് പൂനെയിൽ നിന്നുള്ളൊരു മറ്റൊരു കർഷകൻ. 36 കാരനായ ഈശ്വർ ഗയകറാണ് തക്കാളി വിറ്റ് താൻ കോടിപതിയായെന്ന സന്തോഷം പങ്കുവെയ്ക്കുന്നത്.

പൂനയിലെ ജുന്നർ താലൂക്കിൽ നിന്നുള്ള കർഷകനാണ് ഈശ്വർ ഗയകർ. തക്കാളിയിൽ നിന്നും താൻ ലാഭം ഉണ്ടാക്കിയത് വെറും ഒരു ദിവസം കൊണ്ടല്ലെന്ന് ഈശ്വർ പറയുന്നു. ' 12 ഏക്കർ കൃഷിപാടത്ത് കഴിഞ്ഞ ആറേഴ് വർഷമായി ഞാൻ തക്കാളിയാണ് കൃഷി ചെയ്യുന്നത്. പലപ്പോഴും വലിയ നഷ്ടം തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും പിന്തിരിയാൻ തോന്നിയില്ല. 2021 ൽ എന്റെ നഷ്ടം 20 ലക്ഷം രൂപയായിരുന്നു',ഗയകർ പറഞ്ഞു.
'12 ഏക്കർ പാടത്ത് നിന്ന് വിളവെടുത്ത 17000 പെട്ടി തക്കാളിയാണ് ഞാൻ ഇതുവരെ വിറ്റത്. ഒരു പെട്ടിക്ക് 770 മുതൽ 2311 വരെ തുക ലഭിച്ചിട്ടുണ്ട്. അങ്ങനെ ആകെ 2.8 കോടി ഇതുവരെ ലഭിച്ചു. ഇനി 3000-4000 പെട്ടികൾ വിൽക്കാനുണ്ട്. അപ്പോൾ എനിക്ക് 3.5 കോടി വരെ ലാഭം ലഭിക്കും', ഗയകർ പറഞ്ഞു.
'കിലോയ്ക്ക് വെറും 30 രൂപ കിട്ടുമെന്ന് മാത്രം കരുതിയാണ് തക്കാളി ഇത്തവണ കൃഷി ചെയ്തത്. എന്നാൽ ഇതൊരു ബംബർ ലോട്ടറി പോലെയാണ് തോന്നുന്നത്',ഗയകർ പറഞ്ഞു. മുൻപ് 1 ഏക്കർ പറമ്പിൽ മാത്രമാണ് തക്കാളി കൃഷി ചെയ്തിരുന്നത്. എന്നാൽ തൊഴിലാളികളെ കിട്ടി തുടങ്ങിയതോടെ പിന്നീട് കൃഷി 12 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തക്കാളിയെ കൂടാതെ ഉള്ളിയും പൂക്കളും ഗയകർ കൃഷി ചെയ്യുന്നുണ്ട്.
അതേസമയം തക്കാളി വില കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ കേന്ദ്രം ഇടപെട്ടതോടെ വിലക്കുറിവിൽ തക്കാളി ലഭിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം ഡൽഹിയിൽ കിലോയ്ക്ക് 80 രൂപയ്ക്കായിരുന്നു തക്കാളി വിറ്റത്. നാഷ്ണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷനും (എൻസിസിഎഫ്) നാഷനൽ അഗ്രികൾച്ചർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (നാഫെഡ്) ചേർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തക്കാളി സംഭരിച്ച് കുറഞ്ഞ വിലക്ക് വിൽപ്പന ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ വലിയ തോതില്‍ വിലക്കയറ്റമുണ്ടായ മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും നാഫെഡും എന്‍സിസിഎഫും ചേർന്ന് സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുക.












Click it and Unblock the Notifications