കര്‍ണാടകയില്‍ കോളജുകള്‍ തുറന്നു; പലയിടത്തും സംഘര്‍ഷാവസ്ഥ... ഹിജാബ് വിവാദം കത്തുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കോളജുകള്‍ ഇന്ന് തുറന്നു. തലമറച്ചും ബുര്‍ഖ ധരിച്ചുമെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞതിനെ തുടര്‍ന്ന് പല കോളജുകള്‍ക്ക് മുമ്പിലും സംഘര്‍ഷാവസ്ഥയായി. ബുര്‍ഖ ധരിച്ച് വന്നവരെ കോളജില്‍ കയറ്റിയില്ല. വിദ്യാഭ്യാസം പോലെ തന്നെയാണ് ഞങ്ങള്‍ക്ക് മത വിശ്വാസവുമെന്ന് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹിജാബ് ഹര്‍ജികളില്‍ ഹൈക്കോടതി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് കോടതി നിര്‍ദേശം നല്‍കിയെങ്കിലും വിദ്യാര്‍ഥിനികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ദിവസങ്ങളായി തുടരുകയാണ്. കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനികളെ പല കോളജുകളിലും തടഞ്ഞത്.
കോളജ് പരിസരങ്ങളില്‍ പോലീസിനെ വിന്യസിച്ചിരുന്നു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസുകാര്‍ തമ്പടിച്ചിട്ടുണ്ട്. കോളജുകളില്‍ യൂണിഫോമില്ല. വിദ്യാര്‍ഥികള്‍ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് കോളജുകളില്‍ എത്താറ്. ഇതിന് സര്‍ക്കാരിന്റെ അനുമതിയുമുണ്ടായിരുന്നു. എന്നാല്‍ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘര്‍ഷം. ബുര്‍ഖ ധരിച്ചെത്തിയ പെണ്‍കുട്ടികളെ മിക്ക കോളജിലും തടഞ്ഞു. ശിവമോഗ ജില്ലയിലെ സാഗര കോളജില്‍ ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. തുടര്‍ന്ന് കോളജിന് ഇന്ന് അവധി നല്‍കി.

ശിവമോഗയിലെ ഡിവിഎസ് കോളജിലും വിദ്യാര്‍ഥികളെ കവാടത്തില്‍ തടഞ്ഞു. സര്‍ക്കാര്‍ ഉത്തരവിനേക്കാള്‍ പ്രധാനം വിശ്വാസമാണ് എന്ന് വിദ്യാര്‍ഥിനികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളെ ഇന്ന് കോളജില്‍ പ്രവേശിപ്പിച്ചില്ല. വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് മതവിശ്വാസവും. ബുര്‍ഖ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരിക്കലും നീക്കം ചെയ്യില്ലെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു വിജയപുരയിലെ കോളജിലും സമനമായിരുന്നു അഴസ്ഥ. ബിജാപൂര്‍, കലബുറഗി, യദ്ഗീര്‍ എന്നിവിടങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടായി.
അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ വിദ്യാര്‍ഥിനികളുടെ വിശദാംശങ്ങള്‍ ബിജെപി പരസ്യപ്പെടുത്തിയത് വലിയ വിവാദമായി. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പെണ്‍കുട്ടികളുടെ വിലാസം ഉള്‍പ്പെടെ പങ്കുവച്ചത്. ഇത് പെണ്‍കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ബിജെപി ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കതീലിന്റെ ട്വിറ്റര്‍ പേജിലും പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇതും പിന്‍വലിച്ചു. വൈകാതെ കോടതി അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ നിലവില്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നില്ല. തട്ടം അഴിച്ചുവയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്.












Click it and Unblock the Notifications