
ഉപതെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നേട്ടമുണ്ടാക്കി എസ്പിയും കോണ്‍ഗ്രസും
ന്യൂദല്‍ഹി: ഗുജറാത്തില്‍ മിന്നും ജയവും ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും കാഴ്ച വെക്കുന്ന ബി ജെ പിക്ക് ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന ഏഴ് ഉപതെരഞ്ഞെടുപ്പില്‍ ഒരിടത്തും ബി ജെ പിക്ക് ലീഡ് ഇല്ല. ഉത്തര്‍പ്രദേശില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ് പി - ആര്‍ എല്‍ ഡി സഖ്യത്തിനാണ് ലീഡ്.
ബിഹാര്‍, ഒഡിഷ, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ബി ജെ പി പിന്നിലാണ്. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ എസ് പി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവിന്റെ ലീഡ് നില 81000 കടന്നിട്ടുണ്ട്. ഇവിടെ ബി ജെ പിയായിരുന്നു എസ് പിയുടെ പ്രധാന എതിരാളി. മുലായം സിംഗിന്റെ മരണത്തോടെ ആണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1996 മുതല്‍ മുലായം സിംഗ് ജയിച്ച് വന്ന മണ്ഡലമാണിത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബി ജെ പിക്ക് ഇവിടെ ഡിംപിള്‍ യാദവിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. എസ് പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ മുന്‍ സഹായി രഘുരാജ് സിംഗ് ഷാക്യയാണ് ബി ജെ പിക്ക് വേണ്ടി മത്സരിച്ചിരുന്നത്. ഇതിന് പുറമെ ഉത്തര്‍പ്രദേശിലെ രാംപൂര്‍, ഖതൗലി നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

രാംപൂരില്‍ ആദ്യഘട്ടത്തില്‍ ബി ജെ പിക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും പിന്നീട് എസ് പി ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ 6100 വോട്ടിന് എസ് പി സ്ഥാനാര്‍ത്ഥി അസീം രാജ മുന്നിലാണ്. ബി ജെ പിക്കായി ഇവിടെ മത്സരിക്കുന്ന ആകാശ് സക്‌സേന രണ്ടാം സ്ഥാനത്താണ്. വിദ്വേഷ പ്രസംഗ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അസം ഖാനെ എം എല്‍ എ സ്ഥാനത്ത് അയോഗ്യനാക്കിയതോടെ ആണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന് ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്

ഖതൗലി മണ്ഡലത്തില്‍ ബി ജെ പിക്ക് എതിരെ എസ് പി പിന്തുണയോടെ ആര്‍ എല്‍ ഡിയാണ് മത്സരിച്ചത്. ഇവിടെ 7847 വോട്ടുകളുടെ ലീഡാണ് ആര്‍ എല്‍ ഡി സ്ഥാനാര്‍ത്ഥി മദന്‍ ഭയ്യയ്ക്കുള്ളത്. ബി ജെ പിക്കായി രാജ്കുമാരി സൈനിയാണ് മത്സരിച്ചത്. 2013-ലെ മുസാഫര്‍നഗര്‍ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട ബി ജെ പി എം എല്‍ എയായിരുന്ന വിക്രം സിംഗ് സൈനിയെ അയോഗ്യനാക്കിയതോടെ ആണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപി

ബീഹാറിലെ കുര്‍ഹാനി മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ മാറി മറിഞ്ഞ ലീഡ് നിലകള്‍ക്ക് ശേഷം ജെ ഡി യു ഇവിടെ മേല്‍ക്കൈ നേടിയിരിക്കുകയാണ്. പത്ത് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ജെ ഡി യു സ്ഥാനാര്‍ത്ഥി മനോജ് കുശ്വാഹ 1,429 വോട്ടുകള്‍ക്ക് ബി ജെ പിയുടെ കേദാര്‍ ഗുപ്തയ്ക്കെതിരെ ലീഡ് ചെയ്യുന്നു. എന്‍ ഡി എ വിട്ട ശേഷം ജെ ഡിയുവും ബി ജെ പിയും നേര്‍ക്കുനേര്‍ വരുന്ന ആദ്യ പോരാട്ടവുമാണിത്.

രാജസ്ഥാനിലെ സദര്‍ശഹര്‍ ഉപതെരഞ്ഞെടുപ്പിലും ബി ജെ പി പിന്നിലാണ്. കോണ്‍ഗ്രസിന്റെ അനില്‍ കുമാര്‍ ശര്‍മയാണ് 17000 വോട്ടുകള്‍ക്ക് സദര്‍ശഹര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ബി ജെ പിയുടെ അശോക് കുമാര്‍ ആണ് ഇവിടെ അനില്‍ കുമാറിന് എതിരായി മത്സരിച്ചത്. കോണ്‍ഗ്രസിലെ ഭന്‍വര്‍ ലാല്‍ ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് ആണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഛത്തീസ്ഢിലെ ഭാനുപ്രതാപ് പൂരിലും ബി ജെ പിക്കെതിരേ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 2000 വോട്ടുകള്‍ക്കാണ് ഇവിടെ കോണ്‍ഗ്രസിന്റെ സാവിത്രി മനോജ് മാണ്ഡവി ലീഡ് ചെയ്യുന്നത്. മുന്‍ എം എല്‍ എ ബ്രഹ്‌മാനന്ദ് നേതയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ മനോജ് സിംഗ് മാണ്ഡവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് അനിവാര്യമായത്.

ഒഡിഷയിലെ പദംപൂരില്‍ ബി ജെ പിയെ പിന്നിലാക്കി ബി ജെ ഡിയാണ് ലീഡ് ചെയ്യുന്നത്. നാലാം റൗണ്ട് വോട്ടെണ്ണലിന് ശേഷം ബി ജെ ഡി ബി ജെ പിയെക്കാള്‍ 8,178 വോട്ടുകള്‍ക്ക് മുന്നിലാണ്. ബി ജെ ഡി സ്ഥാനാര്‍ത്ഥി ബര്‍ഷ സിംഗ് ബരിഹ ഇതുവരെ 21,837 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പിയുടെ പ്രദീപ് പുരോഹിത് 13,659 വോട്ടുകള്‍ നേടി. ബി ജെ ഡി എം എല്‍ എ ബിജയ രഞ്ജന്‍ സിംഗ് ബരിഹയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്.