ബാബുല്‍ സുപ്രിയോ വിജയത്തിലേക്ക്; സിപിഎം രണ്ടാമത്, ബിജെപി കോണ്‍ഗ്രസിനും പിറകില്‍ നാലാമത്
കൊല്‍ക്കത്ത: ബാലിഗഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാബുല്‍ സുപ്രിയോയ്‌ക്കെതിരെ സി പി ഐ എമ്മിന്റെ മിന്നും പ്രകടനം. ഇടത് സ്ഥാനാര്‍ത്ഥിയായ സൈറ ഷാ ഹാലിം വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ബാബുല്‍ സുപ്രിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. 10000 ത്തില്‍ താഴെ മാത്രമാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ബാബുല്‍ സുപ്രിയോയുടെ ലീഡ്. ആദ്യത്തെ അഞ്ച് ഘട്ട വോട്ടെണ്ണലിന് ശേഷം ബാബുല്‍ സുപ്രിയോ 16548 വോട്ട് നേടിയപ്പോള്‍ സി പി ഐ എമ്മിനം 8049 ഷാ ഹാലിമിന് 8049 വോട്ട് മാത്രമായിരുന്നു കിട്ടിയത്.
എന്നാല്‍ പിന്നീട് സി പി ഐ എം ക്രമാനുഗതമായി വോട്ട് നില ഉയര്‍ത്തി. എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 8000 ത്തിലധികം ലീഡ് ബാഹുല്‍ സുപ്രിയോയ്ക്ക് ഉണ്ടായിരുന്നു. ബാബുല്‍ സുപ്രിയോ 23501 വോട്ടും സി പി ഐ എം 15392 വോട്ടും നേടി. കോണ്‍ഗ്രസിനും പിറകിലായിരുന്നു ബി ജെ പി ഇവിടെ. 10 റൗണ്ട് വോട്ടെണ്ണലിന് ശേഷം 7872 ആയി ബാബുല്‍ സുപ്രിയോയുടെ ലീഡ് നില കുറഞ്ഞു. ബാബുല്‍ 28635 വോട്ട് നേടിയപ്പോള്‍ സി പി ഐ എം 20763 വോട്ട് നേടി. എന്നാല്‍ 11-ാം റൗണ്ട് വോട്ടെണ്ണലില്‍ ബാബുല്‍ ലീഡ് വീണ്ടും ഉയര്‍ത്തി.

ഈ ഘട്ടത്തില്‍ ബാഹുല്‍ സുപ്രിയോ 31624 വോട്ട് നേടിയപ്പോള്‍ സി പി ഐ എം വോട്ട് നില 23166 ആയി ഉയര്‍ന്നു. 8458 ആയിരുന്നു ഈ ഘട്ടത്തില്‍ ബാബുല്‍ സുപ്രിയോയുടെ ലീഡ്. 12-ാം ഘട്ടത്തില്‍ ബാബുല്‍ സുപ്രിയോയുടെ ലീഡ് വീണ്ടും കുറഞ്ഞു. ബാബുലിന്റെ വോട്ട് 33660 ആയപ്പോള്‍ സി പി ഐ എം 25473 ആയി. ലീഡ് നില 8187 ആയി കുറഞ്ഞു. 13-ാം റൗണ്ട് ആയപ്പോള്‍ 35408 വോട്ടുമായി ലീഡ് നില 9344 ലേക്ക് ഉയര്‍ത്താന്‍ ബാബുല്‍ സുപ്രിയോയ്ക്കായി. സി പി ഐ എം ഈ ഘട്ടത്തില്‍ 26064 വോട്ടാണ് നേടിയത്.

15-ാം ഘട്ടത്തില്‍ ലീഡ് നില 10000 കടത്താന്‍ ബാബുല്‍ സുപ്രിയോയ്ക്കായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ സുബ്രത മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്നാണ് ബാലിഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലിഗഞ്ചില്‍ നിന്നുള്ള സി പി ഐ എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫുആദ് ഹാലിമിന്റെ ഭാര്യയാണ് ഷാ ഹാലിം. അന്ന് ആറ് ശതമാനം വോട്ട് മാത്രമണ് ഫുആദിന് ലഭിച്ചത്. ഫുആദിന്റെ പിതാവ് മുതിര്‍ന്ന സി പി ഐ എം നേതാവ് ഹാസിം അബ്ദുള്‍ ഹാലിം ആണ്.

മൂന്ന് പതിറ്റാണ്ടോളം ബംഗാള്‍ നിയമസഭയിലെ സ്പീക്കറായിരുന്നു ഇദ്ദേഹം. നടന്‍ നസറുദ്ദീന്‍ ഷായുടെ ബന്ധുവാണ് സൈറ ഷാ ഹാലിം. ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നയാളാണ് സൈറ ഷാ ഹാലിം. ബിമന്‍ ബോസ്, സൂര്യകാന്ത മിശ്ര എന്നിവരെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം അടുത്തിടെ 20 ഓളം പുതുമുഖങ്ങളെയും യുവാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സി പി ഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയെ അടുത്തിടെ നവീകരിച്ചിരുന്നു.

അതില്‍ ഉള്‍പ്പെട്ടയാളാണ് സൈറ ഷാ ഹാലിം. പുതുതായി ഉള്‍പ്പെടുത്തിയവരില്‍, വിദ്യാര്‍ത്ഥി നേതാക്കളായ മിനാക്ഷി മുഖര്‍ജി, സൃജന്‍ ഭട്ടാചാര്യ, മയൂഖ് ബിശ്വാസ്, പ്രതികൂര്‍ റഹ്മാന്‍ എന്നിവര്‍ 30-കളുടെ മധ്യത്തിലോ അതില്‍ താഴെയോ പ്രായമുള്ളവരാണ്.












Click it and Unblock the Notifications