'പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ കാൻസർ ഭേദമാവും'; അവകാശവാദവുമായി യുപി മന്ത്രി
ന്യൂഡൽഹി: പശുത്തൊഴുത്ത് വൃത്തിയാക്കിയാൽ കാൻസർ ഭേദമാക്കാമെന്ന അവകാശവാദവുമായി യുപി മന്ത്രി രംഗത്ത്. കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഒരുകൂട്ടം മാർഗങ്ങളുമായാണ് യുപി മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ എത്തിയത്. പശുതൊഴുതുകൾ വൃത്തിയാക്കുക മാത്രമല്ല അവിടെ കിടക്കുകയും ചെയ്‌താൽ കാൻസർ ഭേദമാകും എന്നാണ് അദ്ദേഹം പറയുന്നത്.
ഇതിന് പുറമേ പശുക്കളെ വളർത്താനും അവയെ നന്നായി പരിപാലിക്കുകയും ചെയ്‌താൽ ബ്ലഡ് പ്രഷർ ഗുളികകൾ പകുതിയായി കുറയ്ക്കാം എന്നും അദ്ദേഹം പറയുന്നു. ഇതിന് പുറമേ വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഒക്കെ ഇനി ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കരിമ്പ് വികസന വകുപ്പിലെ മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ ഇന്നലെ തന്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പക്കാഡിയ നൗഗവാനിൽ പശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ ചടങ്ങിൽ വച്ചാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രക്തസമ്മർദ്ദത്തെയും കാൻസറിനെയും വരെ തോൽപിക്കാൻ പശുക്കൾക്ക് കഴിയുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഒരു സാധാരണ കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടക്കുകയാണെങ്കിൽ കാൻസർ പോലും ഭേദമാകും. ചാണക പിണ്ണാക്ക് കത്തിച്ചാൽ കൊതുകിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും അതിനർത്ഥം പശുവുമായി ബന്ധപ്പെട്ടതെല്ലാം ഗുണമുള്ള കാര്യങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നേരത്തെയും സമാനമായ അവകാശ വാദങ്ങളുമായി ബിജെപി ഉൾപ്പെടെയുള്ള കക്ഷികളിലെ നേതാക്കൾ രംഗത്ത് വന്നിരുന്നു. ഗോമൂത്രം, ചാണകം എന്നിവയുടെ ഗുണങ്ങളെ ക്കുറിച്ചും ഇവ മനുഷ്യ ശരീരത്തിന് വലിയ ഗുണമാവുമെന്നുമായിരുന്നു അവരുടെ നിലപാട്. അതിന് പിന്നാലെയാണ് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്ന് യുപിയിലെ മന്ത്രി തന്നെ വ്യക്തമാക്കുന്നത്.
അതേസമയം, രാജ്യത്ത് വിവിധ ഇടങ്ങളിൽ ഗോ സംരക്ഷണ പ്രവർത്തകരുടെ ആക്രമം ശക്തമാവുന്ന കാലയളവാണിത്. ബീഫ് ഉൾപ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കടത്തുന്നു എന്നാരോപിച്ച് നിരവധി പേർക്കാണ് ജീവൻ നഷ്‌ടമായത്. അടുത്തിടെ ഹരിയാനയിലെ ഫരീദാബാദിൽ പത്തൊമ്പത് വയസുകാരൻ കൊല്ലപ്പെട്ടിരുന്നു.
അതിനിദ് പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ 19കാരൻ വെടിയേറ്റ് മരിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമായിരുന്നു. 25 കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് കൃത്യം നടന്നത്. സുഹൃത്തുകൾക്ക് ഒപ്പം സഞ്ചരിക്കുകയായിരുന്ന ആര്യൻ മിശ്രയ്ക്കാണ് ജീവൻ നഷ്‌ടമായത്.












Click it and Unblock the Notifications