കാപ്പിറ്റോളില്‍ ഇന്ത്യന്‍ പതാകേയേന്തിയ മലയാളിക്കെതിരെ ഇന്ത്യയില്‍ പരാതി
ന്യൂഡല്‍ഹി: അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി. ഡല്‍ഹി കല്‍ക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകരാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന പൊലീസ് അറിയിച്ചു.
ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരാണ് പ്രതിഷേധവുമായെത്തിയത്. ഇന്ത്യയുടെ ദേശീയ പതാകയുമായി മലയാളിയായ വിന്‍സെന്റ് സേവ്യറും ഉണ്ടായിരുന്നു.
ഇതില്‍ നാണക്കേട് തോന്നാന്‍ ഒന്നുമില്ല. ഞങ്ങള്‍ ഞങ്ങളുടെ വൈവിധ്യം ആഘോഷിക്കുകയായിരുന്നു. ചിത്രീകരിക്കപ്പെടുന്ന പോലെ അമേരിക്ക വംശീയ വിദ്വേഷമുള്ള രാജ്യമല്ല. അവര്‍ വംശീയ വിദ്വേഷമുള്ളവരായിരുന്നു എങ്കില്‍ എന്നെ ഇന്ത്യന്‍ പതാക പിടക്കാന്‍ അനുവദിക്കില്ലായിരുന്നു എന്നായിരുന്നു വിന്‍സെന്റ് സേവ്യര്‍ പ്രതികരിച്ചത്. അതേസമയം ഇന്ത്യയുടെ ദേശീയ പതാക ദുരുപയോഗം ചെയ്‌തെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായുള്ള സമ്മേളനത്തിലാണ് ആക്രമികള്‍ ഇരച്ചു കറിയത്. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് പൊലീസ് ആക്രമികളെ ഒഴിപ്പിച്ചത്.