സൈനികാസ്ഥാനത്തും കൈക്കൂലി; അറസ്റ്റിലായത് ലഫ്. കേണല്‍, ഞെട്ടലോടെ കേന്ദ്രസര്‍ക്കാര്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സൈനികാസ്ഥാനത്ത് കൈക്കൂലി വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ലഫ്റ്റനന്റ് കേണല്‍ രംഗനാഥന്‍ സുവ്‌റാമണി മോണിയാണ് അറസ്റ്റിലായത്. ഇയാളുടെ ഇടനിലക്കാരന്‍ ഗൗരവ് കോലിയെയും സിബിഐ പിടികൂടി.

സ്ഥലം മാറ്റം ഇഷ്ടപ്പെടുന്ന സ്ഥലത്തേക്ക് ലഭിക്കുന്നതിന് ഇയാള്‍ സൈനികരില്‍ നിന്നു കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ആരോപണം. സൈനികാസ്ഥാനത്ത് ഇത്തരത്തില്‍ സംഭവം നടക്കുന്നത് കേന്ദ്രസര്‍ക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ലക്ഷങ്ങള്‍ നല്‍കിയാല്‍ ഇഷ്ടംപോലെ

ഒരോ സ്ഥലംമാറ്റത്തിനും ലക്ഷങ്ങളാണ് കൈക്കൂലി വാങ്ങിയിരുന്നത്. ഇത്തരത്തില്‍ പണം നല്‍കുന്നവര്‍ക്ക് പ്രത്യേക തസ്തികയുണ്ടാക്കി ആവശ്യമുള്ള സ്ഥലത്തേക്ക് സ്ഥലം മാറ്റുന്ന നീക്കങ്ങളായിരുന്നു ഉണ്ടായിരുന്നത്. രഹസ്യനീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്.

രണ്ട് ലക്ഷം രൂപ വാങ്ങുന്നതിനിടെ

ബെംഗളൂരുവിലെ സൈനിക ഉദ്യോഗസ്ഥനില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രംഗനാഥനെ അറസ്റ്റ് ചെയ്തത്. എഫ്‌ഐആറില്‍ ബ്രിഗേഡിയര്‍ എന്ന് മത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. പണം നല്‍കിയ ഉദ്യോഗസ്ഥന്റെ പേര് സൂചിപ്പിച്ചിട്ടില്ല.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബന്ധം

സൈനിക ഉദ്യോഗസ്ഥന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥലം മാറ്റത്തിന് ഒത്താശ ചെയ്യുന്ന ഈ റാക്കറ്റ് വര്‍ഷങ്ങളായി സൈനികാസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്നും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഹവാല ചാനലുകള്‍

ഹവാല ചാനലുകള്‍ വഴിയാണ് കൈക്കൂലി പണം കൈമാറിയിരുന്നത്. കൂടുതല്‍ പണം കൈമാറുന്നവര്‍ക്കാണ് ഉടന്‍ സ്ഥലം മാറ്റം നല്‍കുക. ഈ വിഷയത്തില്‍ വിലപേശല്‍ നടത്താന്‍ പ്രത്യേക സംഘം സൈനികാസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇടനിലക്കാര്‍

പണം കൈമാറാന്‍ ഇടനിലക്കാരാകുന്നവരെ തിരയുന്നുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രപേര്‍ പണം നല്‍കി സ്ഥലം മാറ്റത്തിന് ശ്രമിച്ചുവെന്നും എങ്ങനെയാണ് പണം കൈമാറുന്നതെന്നുമാണ് സിബിഐ പരിശോധിക്കുന്നത്.

മറ്റു പ്രതികള്‍

സൈനികാസ്ഥാനത്തെ ഉദ്യോഗസ്ഥ കാര്യ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ലഫ്.കേണല്‍ രംഗനാഥന്‍. ഇയാളെ കൂടാതെ ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥന്‍ പുരുഷോത്തം, ഗൗരവ് കോലി, ബെംഗളൂരുവിലെ എസ് സുഭാഷ് എന്നിവരും കേസില്‍ പ്രതികളാണ്.

കുറ്റകരമായ ഗൂഡാലോചന

കോലിയുമായി ചേര്‍ന്ന് രംഗനാഥന്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയെന്ന് സിബിഐ എഫ്‌ഐആറില്‍ പറയുന്നു. പുരുഷോത്തമും ഗൂഡാലോചനയില്‍ പങ്കാളിയായിട്ടുണ്ട്. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു.

പുരുഷോത്തമിന്റെ പങ്ക്

സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരുമായി പുരുഷോത്തം ആണ് ബന്ധപ്പെട്ടിരുന്നു. എന്നിട്ട് സ്ഥലം മാറ്റത്തിന് വേണ്ടി പ്രേരിപ്പിക്കും. തുടര്‍ന്ന ഇയാള്‍ കോലിയുമായി സംസാരിക്കും. കോലിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

കോലി ചെയ്തത്

കോലിയാണ് സൈനികാസ്ഥാനത്തെ ഉദ്യോഗസ്ഥകാര്യ വിഭാഗത്തിലുള്ള ഓഫിസര്‍മാര്‍ക്ക് സ്ഥലം മാറ്റം അഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ധരിപ്പിക്കുക. കൈമാറേണ്ട സംഖ്യ ഉറപ്പിക്കുന്നതും ഇയാളാണ്. ഡിഎസ്ആര്‍കെ റെഡ്ഡി, സുഭാഷ് എന്നിവര്‍ക്ക് സ്ഥലം മാറ്റം വേഗം വേണമെന്ന് പുരുഷോത്തം നിരന്തരമായി കോലിയോട് ആവശ്യപ്പെട്ടിരുന്നു.

റെഡ്ഡിയും സുഭാഷും

റെഡ്ഡിയും സുഭാഷും ബെംഗളൂരുവിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് സെക്കന്തരാബാദിലേക്കും മറ്റൊരാള്‍ക്ക് വിശാഖപട്ടണത്തേക്കുമാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നത്. പണം ലഭിച്ചാല്‍ സ്ഥലം മാറ്റം ഉറപ്പാണെന്ന് രംഗനാഥന്‍ ഇടനിലക്കാരനെയും ബെംഗളൂരുവിലെ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. സുഭാഷ് അഞ്ച് ലക്ഷമാണ് കോലിക്ക് ഹവാല ചാനല്‍ വഴി കൈമാറിയതെന്ന് സിബിഐ പറയുന്നു.

English summary
The CBI has arrested a Lt Colonel and a middleman in connection with an alleged transfer racket at the Army headquarter here in which lakhs of rupees were paid by army officers to manipulate their postings.
Please Wait while comments are loading...