പുസ്തക യൂണിഫോം കച്ചവടം പൂട്ടി; സിബിഎസ്ഇ സ്‌കൂളുകള്‍ ഇനി എന്തുചെയ്യും?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സ്‌കൂള്‍ തുറക്കുമ്പോള്‍ പുസ്തകങ്ങളും യൂണിഫോമുകളും വിറ്റഴിച്ച് വന്‍ ലാഭമുണ്ടാക്കുന്ന സ്‌കൂളുകള്‍ക്ക് സിബിഎസ്ഇയുടെ നിര്‍ദ്ദേശം കനത്ത തിരിച്ചടിയായി. സിബിഎസ്ഇയില്‍ അഫിലിയേറ്റഡ് ആയ സ്‌കൂളുകള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചാല്‍ സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സിബിഎസ്ഇ, എന്‍സിഇആര്‍ടി തുടങ്ങിയവര്‍ പുറത്തിറക്കുന്ന പുസ്തകം തന്നെ വാങ്ങണമെന്നും സ്‌കൂളുകള്‍ വ്യാപാര കേന്ദ്രങ്ങളാകേണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകം, യൂണിഫോം, ഷൂ, സ്‌റ്റേഷനറി തുടങ്ങിയവയെല്ലാം സ്‌കൂളുകളില്‍ നിന്നുതന്നെ വാങ്ങണമെന്ന് നിര്‍ബന്ധിക്കുന്നത് പതിവായതോടെയാണ് നടപടിയുമായി ബോര്‍ഡ് രംഗത്തെത്തിയത്.

cbse

2016ല്‍ തന്നെ പുസ്തകം ഉപയോഗിക്കുന്നതു സംബന്ധിച്ച സര്‍ക്കുലര്‍ ബോര്‍ഡ് പുറത്തിറക്കിയിരുന്നെങ്കിലും പല സ്‌കൂളുകളും അത് പാലിച്ചിട്ടില്ല. ഏതാണ്ട് 18,000ത്തോളം സ്‌കൂളുകള്‍ക്കെതിരെ ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ദില്ലി പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സിബിഎസ്ഇ നിയമം കര്‍ശനമാക്കിയത്.

പ്രമുഖരായ വ്യാപാരികളുമായി കരാറിലേര്‍പ്പെട്ടാണ് സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ യൂണിഫോമും പുസ്തകങ്ങളും കച്ചവടമാക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇതുവഴി ഒരു വര്‍ഷത്തില്‍ സ്‌കൂളുകള്‍ക്ക് ലഭിക്കുന്നതും. പരാതിപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള പ്രതികാര നടപടികളെടുക്കുന്നതിനാല്‍ പലരും സ്‌കൂളുകളുടെ നിര്‍ബന്ധത്തിന് വഴങ്ങുകയാണ് പതിവ്.


English summary
CBSE to act against schools forcing ‘costly’ books from pvt publishers on kids
Please Wait while comments are loading...