സിബിഎസ്ഇ: പന്ത്രണ്ടാം ക്ലാസ് പരീക്ഷ സമയം കുറച്ചേക്കും, പത്താം ക്ലാസ് വിദ്യാർഥികൾക്ക് ടെലിഫോൺ വഴി മൂല്യ നിർണയം
ഡല്‍ഹി അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പരീക്ഷകളിൽ അനിശ്ചിതത്വം തുടരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടതിന് പിന്നാലെ പരീക്ഷകളുടെ ദൈർഘ്യം കുറയ്ക്കുന്ന കാര്യം ബോർഡിന്റെ സജീവ പരിഗണനയിൽ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുകയാണെങ്കിൽ സമയം കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ബോർഡിനെ അറിയിച്ചിരുന്നു. ഡല്‍ഹി അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ജൂലൈ അവസാനത്തോടെ പരീക്ഷ നടത്താമെന്നാണ് ഇപ്പോൾ കരുതുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് വാദമുഖങ്ങളാണ് ഉയർന്നുവരുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ ഉപേക്ഷിക്കണമെന്ന് ഒരു വിഭാഗം വിദ്യാർഥികളും മാതാപിതാക്കളും ആവശ്യപ്പെടുന്നു. അതേസമയം പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഉന്നത വിദ്യാഭ്യസത്തെ അടക്കം ബാധിക്കുമെന്നാണ് മറു ഭാഗം വാദിക്കുന്നത്.
അതേസമയം സ്‌കൂളില്‍ നടത്തിയ പരീക്ഷകള്‍ എഴുതാത്ത സിബിഎസ്ഇ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ വഴി മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് നല്‍കാന്‍ തീരുമാനം. പത്താം ക്ലാസ് പരീക്ഷ നേരത്തെ റദ്ദാക്കിയ ബോർഡ് സ്‌കൂളിലെ യൂണിറ്റ് പരീക്ഷകളുടെയും ഇന്റേണല്‍ അസസ്‌മെന്റുകളുടെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇത്തരം പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ഈ സൗകര്യം.
പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നതും മാറ്റിവച്ചിട്ടുണ്ട്. ഇതോടൊപ്പം സ്കൂളുകൾക്ക് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്. ജൂൺ 30 വരെയാണ് സ്കൂളുകൾക്ക് സമയം നീട്ടി നിൽകിയിരിക്കുന്നത്. നേരത്തെ ജൂൺ 11-നകം മാർക്കുകൾ സമർപ്പിച്ച് ജൂൺ മൂന്നാംവാരത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌സി അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ അധ്യാപകരടെ സുരക്ഷകൂടി പരിഗണിച്ചാണ് സിബിഎസ്ഇ നീക്കം.












Click it and Unblock the Notifications