മിന്നൽ പ്രളയം ; കേന്ദ്ര സേന സിക്കിമിലേക്ക്, 19 മൃതദേഹങ്ങൾ കണ്ടെടുത്തു
സിക്കിമിലെ മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയത് 103 പേരെന്ന് കണക്കുകൾ. മഞ്ഞു തടാക വിസ്ഫോടനത്തെത്തുടർന്നാണ് സിക്കിമിൽ മിന്നൽ പ്രളയമുണ്ടായത്. 22 സൈനികരും ഒഴുകിപ്പോയവരുടെ കൂട്ടത്തിലുണ്ട്. മരിച്ചവരുടെ എണ്ണം ഇത് വരെ 19 ആയി. മൃതദേഹങ്ങൾ ബംഗാളിലെ ജൽപായ്ഗുഡിയിലെ ടീസ്റ്റ നദിയിൽ നിന്നും കണ്ടെത്തിയിരുന്നു.
ബുധനാഴ്ച്ചയാണ് സിക്കിമിൽ മിന്നൽ പ്രളയമുണ്ടായത്. ഒലിച്ചു പോയവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് കരസേന അറിയിച്ചിട്ടുണ്ട്. 22,034 പേരെ മിന്നൽ പ്രളയം ബാധിച്ചതായും ഇതുവരെ 2011 പേരെ രക്ഷിച്ചെന്നുമാണ് ദുരന്തനിവാരണ സേനയുടെ കണക്ക്.

22 സൈനികരെയാണ് കാണാതായിട്ടുള്ളത്. എന്നാൽ കാണാതായ സൈനികരുടെ പേരു വിവരങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല. കാണാതായ സൈനികരുടെ ബന്ധുക്കളെ വിവരം വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്ന് കരസേന അറിയിച്ചു. മിന്നൽ പ്രളയത്തിൽ സൈനിക വാഹനങ്ങൾ ഉൾപ്പെടെ ഒലിച്ചു പോയിരുന്നു. ഇതിൽ ഭൂരിഭാഗവും കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം.
രക്ഷാ പ്രവർത്തനത്തിന് സിക്കിമിന് സഹായം നൽകുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്. വ്യോമ സേനാംഗങ്ങളുമായി പുറപ്പെടാൻ ഹെലികോപ്റ്റർ സജ്ജമാണെങ്കിലും മോശം കാലാവസ്ഥ മൂലം ഇതു വരെ പുറപ്പെടാൻ സാധിച്ചിട്ടില്ല. അവശ്യ സാധനങ്ങൾ ലഖനിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചുങ്താങ്, ലാച്ചുങ്, ലാച്ചെൻ എന്നിവിടങ്ങളിലാണ് നാശം വിതച്ച പ്രളയം ഉടലെടുത്തത്. ഇവിടങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണെന്നാണ് വിവരം. നിലവിൽ ടീസ്റ്റ നദിയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
സിക്കിം സർക്കാർ ഇതു വരെ 26 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. മാറ്റി പാർപ്പിച്ചവർക്ക് കരസേന, ദുരന്ത നിവാരണ സേന എന്നിവർ ഭക്ഷണവും മറ്റു അടിസ്ഥാന സഹായങ്ങളും എത്തിക്കുന്നുണ്ട്.
മിന്നൽ പ്രളയത്തിൽ വൈദ്യുതിയും മറ്റു വാർത്താ വിനിമയ സംവിധാനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. തകർന്ന വാർത്താ വിനിമയ സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള നടപടികളും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 11 പാലങ്ങളും 277 വീടുകളും ഒലിച്ചു പോയിട്ടുണ്ട്. മൻഗം ജില്ലയിൽ മാത്രം 8 പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ചുങ്താങ് അണക്കെട്ട് തുറന്നു വിട്ടതാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്.












Click it and Unblock the Notifications