ഭാരത് അരിയുമായി കേന്ദ്രം; കിലോയ്ക്ക് 25 രൂപ, പദ്ധതി ആലോചനയിലെന്ന് റിപ്പോർട്ട്; വിശദ വിവരങ്ങൾ
ന്യൂഡൽഹി: ഭാരത് ആട്ട, ഭാരത് ദാൽ എന്നിവയ്ക്ക് പിന്നാലെ കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം. ഭാരത് ബ്രാൻഡിൽ കിലോയ്ക്ക് 25 രൂപയ്ക്ക് അരി വിൽക്കുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിലക്കയറ്റം പിടിച്ചുകെട്ടുന്നതിന് വേണ്ടിയാണ് കേന്ദ്രം ഭാരത് ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ പദ്ധതിയിടുന്നത്.
സർക്കാർ ഏജൻസികളായ നാഷണൽ അഗ്രിക്കൾച്ചറൽ കോ - ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( നാഫെഡ്), നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട് ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപന ശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് അരി ലഭിക്കുക.

സർക്കാർ ഇതിനകം തന്നെ ആട്ടയും പയർവർഗവും ഈ ബ്രാൻഡിന് കീഴിൽ വിൽക്കുന്നുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എഫ് സി ഐ) നടത്തിയ ഇ ലേലം വഴി ഓപ്പൺ മാർക്കറ്റിൽ ഓഫ് ലോഡ് ചെയ്യുന്ന തുക വർദ്ധിപ്പിച്ച് ഗോതമ്പ് വില ഉയരുന്നത് നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ അരിയുടെ കാര്യത്തിൽ സാധിച്ചിരുന്നില്ല. 2024- ലെ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സർക്കാരിന് പ്രധാന പ്രശ്നമാണ് ധാന്യങ്ങളുടെ വില ഉയരുന്നത്.
നവംബറിൽ ധാന്യങ്ങളുടെ വില 10.27% ആയി ഉയർന്നു, ഭക്ഷ്യ വിലപ്പെരുപ്പം നവംബറിൽ 8.70% ആയി ഉയർന്നു, മുൻ മാസം ഇത് 6.61% ആയിരുന്നു. എഫ് സി ഐ അടുത്തിടെ അരിയുടെ ഒ എം എസ് എസ് നിയമങ്ങൾ പരിഷ്ക്കരിക്കുകയും കുറച്ച് അയവ് വരുത്തുകയും ചെയ്തിരുന്നു. ലേലം വിളിക്കാവുന്ന അരിയുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ അളവ് യഥാക്രമം 1 MT, 2000 MT എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.
അതേ സമയം അരിയുടെ ശരാശരി ചില്ലറ വിൽപ്പന വില കിലോ ഗ്രാമിന് 43.3 രൂപയാണ്. മുൻ വർഷത്തെക്കാൾ 14.1 ശതമാനമാണ് അരിക്ക് വർദ്ധിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഭാരത് റൈസ് എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കാനുള്ള ആലോചനയിലേക്ക് എത്തുന്നത്. നിലവിൽ ഭാരത് ആട്ട കിലോയ്ക്ക് 27. 50 രൂപ നിരക്കിലും ഭാരത് ദാൽ 60 രൂപ നിരക്കിലും സർക്കാർ വിൽക്കുന്നുണ്ട്.












Click it and Unblock the Notifications