ഓഗസ്റ്റ് 15 നുള്ളില്‍ 75 വന്ദേഭാരത് ട്രെയിനുകള്‍ എത്തിയേക്കില്ല; ഇതുവരെയായത് വെറും 17 ട്രെയിനുകള്‍
ന്യൂദല്‍ഹി: ഈ വര്‍ഷം ഓഗസ്റ്റ് 15 ന് അകം 75 വന്ദേഭാരത് ട്രെയിനുകള്‍ സജ്ജമാക്കും എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം നടപ്പായേക്കില്ല എന്ന് റിപ്പോര്‍ട്ട്. നിലവില്‍ 17 വന്ദേഭാരത് ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വെറും മൂന്ന് മാസമാണ് ഇനി മുന്നിലുള്ളത് എന്നിരിക്കെ 58 വന്ദേഭാരത് ട്രെയിനുകളാണ് ഇനി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമായേക്കില്ല എന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.
ഓഗസ്റ്റ് 15 നകം 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് റെയില്‍വേയ്ക്ക് നിര്‍മ്മാണം വേഗത്തിലാക്കുകയും ആഴ്ചയില്‍ മൂന്ന്-നാല് വന്ദേ ഭാരത് ട്രെയിനുകളെങ്കിലും പുറത്തിറക്കുകയും വേണ്ടി വരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിനായി റെയില്‍വേ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വിവരം.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് 75 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കും എന്നായിരുന്നു കേന്ദ്ര ധനമന്ത്രി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് കൈവരിക്കാന്‍ സാധ്യതയില്ല എന്നാണ് ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയുടെ മുന്‍ ജിഎം സുധാംശു മണി പറയുന്നത്. എന്നാല്‍ വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കപ്പെടുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 15-നകം 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഐസിഎഫ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കിയ മാര്‍ഗം പര്യാപ്തമല്ല എന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ സ്വാതന്ത്ര്യദിനത്തിന് ഉള്ളില്‍ 30 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതില്‍ റെയില്‍വേ വിജയിച്ചാലും അത് നല്ലതായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രാക്ക് നവീകരണം അടക്കമുള്ള ജോലികള്‍ ഇതിനൊപ്പം പൂര്‍ത്തിയാകേണ്ടതുണ്ട്. കൂടുതല്‍ ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള അധിക സമ്മര്‍ദ്ദം ഗുണനിലവാരം കുറയാനുള്ള സാധ്യതയിലേക്ക് നയിക്കും എന്നും സുധാംശു മണി പറഞ്ഞു. അതേസമയം ജൂണ്‍ മാസത്തോടെ വന്ദേ ഭാരത് എല്ലാ സംസ്ഥാനങ്ങളിലും എത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
പുരിയില്‍ നിന്ന് ഹൗറയിലേക്കുള്ള 17-ാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് 2022 ലെ കേന്ദ്ര ബജറ്റിന്റെ ഭാഗമായി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ ആണ് ന്യൂദല്‍ഹിക്കും വാരാണസിക്കും ഇടയില്‍ ആദ്യ വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തത്.












Click it and Unblock the Notifications