അണ്ണാ ഡിഎംകെ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു; തമിഴ്‌നാട്ടില്‍ വിവാദം കൊഴുക്കുന്നു, വീഡിയോ!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ നേതാക്കള്‍ അധികാര വടംവലി തുടരവെ പാര്‍ട്ടിയുടെ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മുഖ്യമന്ത്രി പദത്തിന് വേണ്ടി അടിപിടി കൂടുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് ഏവരെയും നടുക്കിയ സംഭവം.

തിരുവണ്ണാമലൈയിലെ അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് വി കനകരാജ് ആണ് കൊല്ലപ്പെട്ടത്. പാര്‍ട്ടിയില്‍ ശത്രുത മൂര്‍ച്ഛിച്ചിരിക്കെ സംഭവത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. പോലിസ് പറയുന്നത് പണമിടപടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്.

നാട്ടുകാര്‍ നോക്കി നില്‍ക്കെ കൊലപാതകം

അണ്ണാഡിഎംകെയുടെ മുന്‍ കൗണ്‍സിലറാണ് കൊല്ലപ്പെട്ട കനകരാജ്. തിരുവണ്ണാമലൈയിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തിനടുത്ത കര്‍ക്കണ തെരുവിലാണ് കനകരാജ് കൊല ചെയ്യപ്പെട്ടത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് സംഭവം.

രാഷ്ട്രീയമോ വ്യക്തി വൈരാഗ്യമോ

രാഷ്ട്രീയ പകപോക്കലാണോ അതോ വ്യക്തിവൈരാഗ്യമാണോ സംഭവത്തിന് കാരണമെന്നാണ് പോലിസ് പരിശോധിക്കുന്നത്. അണ്ണാ ഡിഎംകെയില്‍ നേതാക്കള്‍ക്കിടിയില്‍ കടുത്ത ശത്രുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു പോലിസ് ആദ്യം കരുതിയത്. ശശികലയുടെയും പനീര്‍ശെല്‍വത്തിന്റെയും അനുയായികള്‍ പരസ്പരം പുലര്‍ത്തുന്ന ശത്രുതയാണ് പോലിസിനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

 സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

എന്നാല്‍ സംഭവത്തിന്റെ ഗതി മറ്റൊരു വഴിക്കാണ് നീങ്ങിയത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇടംകൈയ്യനായ ഒരാള്‍ കനകരാജിന്റൈ മരണം ഉറപ്പാക്കാന്‍ ആവര്‍ത്തിച്ച് വെട്ടുന്ന രംഗമാണ് വീഡിയോയില്‍.

അറസ്റ്റിലായവരില്‍ ഡിഎംകെ പ്രവര്‍ത്തകനും

വീഡിയോ പ്രകാരം പോലിസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഡിഎംകെ പ്രവര്‍ത്തകന്‍ ബാബു എന്നയാളും ഇതില്‍പ്പെടുമെന്ന് പോലിസ് പറഞ്ഞു. ഇവര്‍ പോലിസ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കീഴടങ്ങുകയായിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്.

പുറത്തുവരുന്ന വിവരങ്ങള്‍

ബാബുവും കനകരാജും തമ്മിലുള്ള പണമിടപാടാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലിസ് ഇപ്പോള്‍ പറയുന്നത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന കാര്യം പോലിസ് ഉറപ്പിച്ചുപറയുന്നില്ല. എന്നാല്‍ ഡിഎംകെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് കൊല നടത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

പോലിസ് പറയുന്നത് ഇങ്ങനെ

കനകരാജിന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുണ്ട്. ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് സുഹൃത്ത് കണ്ണദാസനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു കനകരാജ്. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയത്. കനകരാജിന്റെ ബൈക്കില്‍ ഇടിച്ച അക്രമികള്‍ ഇയാളെ നിലത്തിട്ട് വെട്ടുകയായിരുന്നു.

വീഡിയോയില്‍ എല്ലാം വ്യക്തം

കൊലപാതകം നടക്കുന്ന സ്ഥലത്ത് കാറിന് അടുത്ത് ഒരാള്‍ നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ കാറിന്റെ ബോണറ്റ് തുറന്നുവച്ചിരിക്കുന്നു. ബൈക്കിലെത്തിയവര്‍ കനകരാജിനെ വെട്ടാന്‍ തുടങ്ങിയതോടെ ഇയാളും കൂടെ ചേര്‍ന്നു. ഈ സമയം കണ്ണദാസന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കനകരാജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

കോടികളുടെ ഇടപാടുകള്‍

ബാബുവും സഹായികളായ രാജ, ശരവണന്‍ എന്നിവരുമാണ് കൃത്യം ചെയ്തതെന്ന് പോലിസ് പറയുന്നു. ബാബു കനകരാജിന് രണ്ടു കോടി നല്‍കിയിരുന്നു. ഗാന്ധി നഗറില്‍ ഭൂമി വാങ്ങുന്നതിനായിരുന്നു തുക നല്‍കിയത്. എന്നാല്‍ കനകരാജ് ഭൂമി ബാബുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തില്ല. പണം തിരിച്ചുനല്‍കിയതുമില്ല. ഇതാണ് കൊലയിലേക്ക് നയിച്ചത്- പോലിസിന്റെ വിശദീകരണമാണിത്. കൊലപാതകത്തിന്റെ വീഡിയോ യൂട്യൂബിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം!!

English summary
Within hours of an AIADMK ex-councillor being murdered in Thiruvannamalai in broad daylight on Sunday, the video of the brutal killing has gone viral with gory images of a left-handed man hacking the victim again and again to make sure he is dead.
Please Wait while comments are loading...